വാട്സാപ്പ് സ്റ്റാറ്റസുകളുടെ ദൈർഘ്യം നീട്ടി വാട്സ്ആപ്പ്. സ്റ്റാറ്റസ് വീഡിയോകളുടെ ദൈർഘ്യം മുപ്പത് സെക്കൻഡിൽ നിന്നും ഒരു മിനിറ്റായി വർധിപ്പിച്ചതായാണ് റിപ്പോർട്ട്. യുപിഐ വഴി വേഗത്തിൽ പേയ്മെൻ്റുകൾ നടത്തുന്നതിനുള്ള ഫീച്ചറും പുതിയ അപ്ഡേഷനിൽ വാട്സാപ്പ് ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം.
വാട്സാപ്പിൻ്റെ പുതിയ ആൻഡ്രോയ്സ് ബീറ്റാ പതിപ്പിൽ ഈ പുതിയഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പല യൂസേഴ്സിനും ഇതിനോടകം ഫീച്ചർ ലഭ്യമായി തുടങ്ങിയിട്ടുമുണ്ട്. വരുന്ന ആഴ്ചകളിൽ എല്ലാവർക്കും വൺ മിനിറ്റ് വീഡിയോ സ്റ്റാറ്റസിനുള്ള അപ്ഡേഷൻ ലഭിക്കും എന്നാണ് കരുതുന്നത്.
ആൻഡ്രോയിഡ് 2.24.7.6-നുള്ള വാട്ട്സ്ആപ്പ് ബീറ്റയിൽ 60 സെക്കൻഡ് വരെ ദൈർഘ്യമുള്ള വീഡിയോകൾ അപ്ലോഡ് ചെയ്യാൻ നിലവിൽ സാധിക്കുന്നുണ്ട്. ഇതോടൊപ്പം വാട്സാപ്പ് പേ സംവിധാനം കൂടുതൽ ഈസിയാക്കുന്ന തരത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ചാറ്റ് ലിസ്റ്റിന് മുകളിലായി പുതിയ ക്യൂ.ആർ കോഡ് സ്കാനർ വരുന്ന രീതിയിലാണ് പുതിയ അപ്ഡേഷൻ. ഇതുവഴി വളരെ എളുപ്പത്തിൽ വാട്സാപ്പ് വഴി യുപിഐ പേയ്മെൻ്റ് നടത്താൻ സാധിക്കും.
ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ചില അപ്ഡേറ്റുകളും പുതിയ പതിപ്പിൽ വന്നിട്ടുണ്ട്. ഏറ്റവും പുതിയ ആൻഡ്രോയ്ഡ് പതിപ്പിൽ ഉപയോക്താക്കളുടെ പ്രൊഫൈൽ ഫോട്ടോകളുടെ സ്ക്രീൻഷോട്ടുകൾ എടുക്കുന്നത് തടഞ്ഞിട്ടുണ്ട്. സ്ക്രീനിൻ്റെ മുകളിൽ ഒന്നിലധികം ചാറ്റുകൾ പിൻ ചെയ്യാനുള്ള ഓപ്ഷനും പുതിയ അപ്ഡേഷനുകളിൽ വന്നിട്ടുണ്ട്.