ദില്ലി: ടാറ്റാ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള വിസ്താര എയർലൈൻ്റെ സർവ്വീസുകൾ തുടർച്ചയായി മുടങ്ങുന്നു. ആവശ്യമായ ജീവനക്കാരില്ലാതെ വന്നതോടെയാണ് വിസ്താര സർവ്വീസുകൾ മുടങ്ങുന്ന നിലയുണ്ടായത്. ഇതിനോടകം നൂറുകണക്കിന് സർവ്വീസുകൾ വിസ്താര റദ്ദാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും ഈ നില തുടരുമെന്നാണ് സൂചന.
നേരത്തെ എയർഇന്ത്യ ഏറ്റെടുത്ത ടാറ്റാ വിസ്താരയെ എയർഇന്ത്യയിൽ ലയിപ്പിക്കാനുള്ള നീക്കങ്ങൾ നടത്തിവരികയാണ്. ഇതിനുമുന്നോടിയായി ടാറ്റാ ഗ്രൂപ്പിന് കീഴിലെ എയർലൈൻ കമ്പനികളിലെ ശമ്പളഘടന ഏകീകരിച്ച് പുതുക്കിയിരുന്നു. നിലവിലുള്ള ശമ്പള പാക്കേജിനേക്കാൾ കുറവാണ് പുതിയ പാക്കേജ് എന്നു വന്നതോടെയാണ് വിസ്താര എയർലൈനിലെ പൈലറ്റുമാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ആരോഗ്യപ്രശ്നമുണ്ടെന്ന് അറിയിച്ച് പൈലറ്റുമാർ കൂട്ടത്തോടെ ജോലിയിൽ നിന്നും വിട്ടു നിന്നു. ഇതോടെയാണ് സർവ്വീസുകൾ റദ്ദാവുന്ന സ്ഥിതി വന്നത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നൂറിലധികം വിസ്താര വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തതായി സിവിൽ ഏവിയേഷൻ മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ ഇടപെട്ട വ്യോമയാന മന്ത്രാലയം വിസ്താര എയർലൈൻസിനോട് വിശദീകരണം തേടിയിട്ടുണ്ട്. വിമാനസർവീസുകൾ റദ്ദാക്കപ്പെടുന്നുവെന്ന് സ്ഥിരീകരിച്ച കമ്പനി ജീവനക്കാരുടെ അഭാവമാണ് ഇതിനു കാരണമായതെന്നും പ്രശ്നം പരിഹരിക്കാൻ ശ്രമങ്ങൾ തുടരുകയാണെന്നും വ്യക്തമാക്കി. മുടങ്ങിയ യാത്രയ്ക്ക് പകരം വിമാനങ്ങൾ ഏർപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും, ആവശ്യമെങ്കിൽ യാത്രക്കാർക്ക് റീഫണ്ട് സൗകര്യം ഏർപ്പെടുത്തുമെന്നും കമ്പനി അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചവരെ 38 വിമാനങ്ങൾ റദ്ദാക്കിയതായാണ് റിപ്പോർട്ടുകൾ. മുംബൈയിൽ നിന്ന് പുറപ്പെടുന്ന 15 വിമാനങ്ങൾ റദ്ദാക്കി. ഡൽഹിയിൽ നിന്നുള്ള 12 വിമാനങ്ങളും, ബെംഗളൂരുവിൽ നിന്നുള്ള 11 വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. പൈലറ്റ് പ്രതിസന്ധി പരിഹരിക്കുന്നത് വൈകുന്ന സാഹചര്യത്തിൽ കൂടുതൽ വിമാനങ്ങൾ ഇനിയും വൈകാനാണ് സാധ്യത. പൈലറ്റുമാർ കൂടുതൽ സമയം പറക്കാൻ വിസമ്മതിച്ചതാണ് വിസ്താരയുടെ ഫ്ലൈറ്റ് ഓപ്പറേഷനിലെ പ്രധാനതടസ്സമെന്നാണ് വിവരം.