പിലിഭിത്ത്: പിതൃസഹോദര പുത്രിയായ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കണമെന്ന ബിജെപിയുടെ ആവശ്യം വരുൺ ഗാന്ധി നിരസിച്ചതായി റിപ്പോർട്ട്. 2009 മുതൽ ഉത്തർപ്രദേശിലെ പിലിഭിത്തിൽ നിന്നും മൂന്ന് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട വരുണിന് ഇപ്രാവശ്യം ബിജെപി സീറ്റ് നൽകിയിരുന്നില്ല. പകരം ബിജെപി നേതാവും മുൻ ഉത്തർപ്രദേശ് മന്ത്രിയുമായ ജിതിൻ പ്രസാദയെ ആണ് പാർട്ടി ഇവിടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ തെരഞ്ഞെടുപ്പ് രംഗത്തില്ലെങ്കിലും പിലിഭിത്തിനായി മകനായി താൻ തുടരുമെന്ന് വരുൺ ഗാന്ധി പ്രസ്താവനയിറക്കിയിരുന്നു.
ബിജെപി നേതൃത്വത്തിനും മോദി സർക്കാരിനുമെതിരെ നേരിട്ടും അല്ലാതെയും പല വിമർശനങ്ങളും വരുൺ പോയ കാലത്ത് ഉന്നയിച്ചിരുന്നു. ഇതാണ് അദ്ദേഹത്തിന് സീറ്റ് നിഷേധിക്കാൻ കാരണമായത് എന്നായിരുന്നു പൊതുവിലുണ്ടായിരുന്ന വിലയിരുത്തൽ. സീറ്റ് നിഷേധിക്കപ്പെട്ടതോടെ വരുൺ സ്വതന്ത്രനായി മത്സരിച്ചേക്കും എന്ന രീതിയിലും വാർത്തകൾ വന്നിരുന്നു. എന്നാൽ പിലിഭിത്തിന് പകരം ഗാന്ധി കുടുംബത്തിൻ്റെ സ്വന്തം സീറ്റായ റായ്ബറേലിയിൽ മത്സരിക്കാൻ ബിജെപി നേതൃത്വം വരുണിനോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത.
2004 മുതൽ സോണിയാ ഗാന്ധിയാണ് റായ്ബറേലിയിലെ എംപി. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സോണിയ റായ്ബറേലി എംപി സ്ഥാനം രാജിവയ്ക്കുകയും രാജസ്ഥാനിൽ നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. സോണിയക്ക് പകരം മകൾ പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ മത്സരിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ പിലിഭിത്തിൽ നിന്നും റായ്ബറിയിലേക്ക് മാറി മത്സരിക്കാൻ വരുണിനോട് മത്സരിക്കാൻ ബിജെപി നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ ഗാന്ധി കുടുംബാംഗങ്ങൾ തമ്മിലുള്ള പോരാട്ടം എന്ന തരത്തിൽ തെരഞ്ഞെടുപ്പ് ചിത്രം മാറുന്നതിനോട് വിയോജിച്ച് വരുൺ മത്സരിക്കാൻ വിസമ്മതിക്കുകയായിരുന്നുവെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്. വരുണിന്റെ അമ്മ അമ്മയും ദീർഘകാലം പാർലമെൻ്റംഗമായിരുന്ന മേനക ഗാന്ധിയെ ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ നിന്ന് തന്നെ ആറാം വട്ടവും ഇക്കുറി ബിജെപി മത്സരിപ്പിക്കുന്നുണ്ട്.
റായ്ബറേലിയിൽ ആരാണ് ഗാന്ധി കുടുംബത്തിന് കടുത്ത വെല്ലുവിളി ഉയർത്തുകയെന്നറിയാൻ ബിജെപി നിരവധി സർവേകൾ നടത്തിയതായി റിപ്പോർട്ടുണ്ട്.
2004-ൽ സോണിയ ഗാന്ധി പ്രതിനിധീകരിക്കാൻ തുടങ്ങുന്നതിനു മുമ്പുതന്നെ ഈ സീറ്റ് കോൺഗ്രസിൻ്റെ കോട്ടയായിരുന്നു. 1967 മുതൽ 1984 വരെ പലതവണ ഇന്ദിരാഗാന്ധി ഇവിടുത്തെ എംപിയായിരുന്നു. അരുൺ നെഹ്റു, ഷീല കൗൾ എന്നിവരുൾപ്പെടെ നെഹ്റു-ഗാന്ധി കുടുംബത്തിലെ മറ്റ് അംഗങ്ങളും റായ്ബറേലി ലോക്സഭാ സീറ്റിൽ വിജയിച്ചിരുന്നു.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തിൻ്റെ കോട്ടയായ അമേത്തിയിൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി ബിജെപിയുടെ സ്മൃതി ഇറാനി ബിജെപി ജയിച്ചിരുന്നു. എന്നാൽ അന്നും റായ്ബറേലിയിൽ വിജയം നേടാൻ പാർട്ടിക്കായില്ല. അതേസമയം മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് 2014 മുതൽ സോണിയാ ഗാന്ധിയുടെ വോട്ട് വിഹിതം കുറയുന്ന ട്രെൻഡും റായ്ബറേലിയിൽ ഉണ്ട്. 2009-ലെ ഫലത്തെ അപേക്ഷിച്ച് 2014-ൽ വോട്ട് വിഹിതത്തിൽ 8.43 ശതമാനം ഇടിവുണ്ടായി, 2019-ൽ അത് 8 ശതമാനം വീണ്ടും കുറഞ്ഞു.
ഏപ്രിൽ 26- മുതലാണ് അമേഠി, റായ്ബറേലി അടക്കമുള്ള മണ്ഡലങ്ങളിലേക്ക് നാമനിർദേശക പത്രികകൾ സമർപ്പിച്ചു തുടങ്ങുക. അതേ ദിവസമാണ് കേരളത്തിലും തെരഞ്ഞെടുപ്പ്. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലെ വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ തന്നെ അമേത്തിയിൽ അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കി കൊണ്ട് കോൺഗ്രസ് പ്രഖ്യാപനം നടത്തുമെന്ന സൂചനകളും ശക്തമാണ്.