ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഓഫീസുകൾ അടച്ച ബൈജൂസ് ജീവനക്കാരോട് വർക്ക് ഫ്രം ഹോം മോഡിൽ ജോലി ചെയ്യാൻ ആവശ്യപ്പെട്ടു. ആയിരത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്ന ബെംഗളൂരുവിലെ ഐബിസി നോളജ് പാർക്ക് ഒഴികെ രാജ്യത്തുടനീളമുള്ള മറ്റെല്ലാ ഓഫീസുകളും ഒഴിഞ്ഞ ബൈജൂസ് ഏതാണ്ട് 14,000-ത്തോളം ജീവനക്കാരോട് വർക്ക് ഫ്രം ഹോമിലേക്ക് മാറാൻ നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്.
ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി ബൈജൂസ് ബെംഗളൂരുവിലും മറ്റു നഗരങ്ങളിലുമുള്ള തങ്ങളുടെ ഓഫീസുകൾ ഓരോന്നായി ഒഴിഞ്ഞു കൊണ്ടിരിക്കുകയാണ്. അതേസമയം ആറ് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിൽ വിദ്യാർത്ഥികൾ പഠിക്കുന്ന ബൈജൂസിൻ്റെ 300-ഓളം ട്യൂഷൻ സെൻ്ററുകൾ തുടർന്നും പ്രവർത്തിക്കുമെന്നാണ് സൂചന.
1.2 ബില്യൺ ഡോളർ വായ്പയുമായി ബന്ധപ്പെട്ട് കടക്കാരുമായി ബൈജൂസിൻ്റെ തർക്കങ്ങൾ തുടരുകയാണ്. ഒരിക്കൽ 20 ബില്യൺ ഡോളറിലധികം മൂല്യമുണ്ടായിരുന്ന ബൈജൂസിൻ്റെ മൂല്യനിർണ്ണയം കഴിഞ്ഞ ഒരു വർഷത്തിനിടെ 90 ശതമാനം ഇടിഞ്ഞതായിട്ടാണ് കണക്കാക്കുന്നത്.
ബൈജു രവീന്ദ്രനെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) സ്ഥാനത്ത് നിന്ന് നീക്കാൻ ബൈജുവിൻ്റെ പ്രധാന നിക്ഷേപകർ കഴിഞ്ഞ മാസം വോട്ട് ചെയ്തിരുന്നു. എന്നാൽ ഈ നീക്കം ബൈജു രവീന്ദ്രൻ നിരസിച്ചിരുന്നു. തിരഞ്ഞെടുത്ത ഓഹരി ഉടമകളുടെ ഒരു ചെറിയ സംഘം” മാത്രം പങ്കെടുത്ത യോഗത്തിലാണ് പ്രമേയം പാസാക്കിയതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞിരുന്നു.
നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പേരിൽ ഓഡിറ്റർ ഡെലോയ്റ്റിൻ്റെ രാജിയും യുഎസ് നിക്ഷേപകരുമായുള്ള നിയമ പോരാട്ടവും ഉൾപ്പെടെ നിരവധി പ്രതിസന്ധികളെ തുടർന്ന് ബൈജു രവീന്ദ്രന് പ്രധാന നിക്ഷേപകരുടെ പിന്തുണ നഷ്ടപ്പെട്ടിരുന്നു. നിക്ഷേപകർ ഫണ്ടിംഗ് തടഞ്ഞതിനാൽ ഫെബ്രുവരി മാസത്തെ ശമ്പളം വിതരണം ചെയ്യാൻ കമ്പനിക്ക് കഴിയുന്നില്ലെന്ന് രവീന്ദ്രൻ കഴിഞ്ഞ മാസം ജീവനക്കാർക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു.