കല്പറ്റ: രാഹുല്‍ ഗാന്ധിക്ക് കേരള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം (4,31,770) നല്കിയ മണ്ഡലമാണ് വയനാട് ലോക്സഭ സീറ്റ്. കോണ്‍ഗ്രസിന്റെ കേരളത്തിലെ ഏറ്റവും ഉറച്ച സീറ്റ് കൂടിയാണ് വയനാട്. ദേശീയ നേതാവിന് മിന്നും വിജയം ഉറപ്പാക്കേണ്ടത് കോൺഗ്രസിൻ്റെ ആവശ്യമാണ് എന്നിരിക്കേ വയനാട് ലോക്സഭാ മണ്ഡലത്തിൽ പോളിംഗ് കുറഞ്ഞത് യുഡിഎഫ് നേതൃത്വത്തെ ആശങ്കയിലാഴ്ത്തുന്നു.
കഴിഞ്ഞ തവണ വയനാട്ടിൽ പോൾ ചെയ്തത് 80.33 ശതമാനം വോട്ടുകളെങ്കില്‍ ഇത്തവണ അത് ഏഴ് ശതമാനം കുറഞ്ഞ് 73.48ലേക്ക് എത്തി. യുഡിഎഫ് ശക്തി കേന്ദ്രങ്ങളിൽ വൻ ഇടിവാണ് പോളിംഗില്‍ ഇത്തവണ പ്രകടമായത്. കൽപ്പറ്റയിൽ വോട്ടുചെയ്തത് 72.92 % പേര് മാത്രം. യുഡിഎഫിന് ആകെ ആശ്വാസം ഏറനാട്ടെ (77.32%) പോളിംഗ് കണക്കിലാണ്.
അതേസമയം മുന്നണി വോട്ടുകൾ ക്യത്യമായി പോൾ ചെയ്തു എന്ന വിശ്വാസത്തിലാണ് എൽഡിഎഫ്. കെ.സുരേന്ദ്രൻ സ്ഥാനാർത്ഥിയായി വന്നതോടെ പാർട്ടി വോട്ടുകൾ പെട്ടിയിലായെന്ന് എന്‍ഡിഎയും പ്രതീക്ഷവെക്കുന്നു.
വ
യനാട്ടിലെ മാനന്തവാടിയും സുല്‍ത്താന്‍ ബത്തേരിയും കല്പറ്റയും കോഴിക്കോട്ടെ തിരുവമ്പാടിയും മലപ്പുറത്തെ ഏറനാടും നിലമ്പൂരും വണ്ടൂരും ചേരുന്നതാണ് വയനാട് ലോക്സഭ മണ്ഡലം. 2009ല്‍ 74.71% ഉം 2014ല്‍ 73.25% ഉം വോട്ടുകള്‍ പോള്‍ ചെയ്ത വയനാട് ലോക്സഭ മണ്ഡലത്തില്‍ 2019ല്‍ പോളിംഗ് ശതമാനം 80.33%ലേക്ക് ഉയര്‍ന്നത് രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം റെക്കോര്‍ഡിലേക്ക് ഉയര്‍ത്തുന്നതില്‍ നിര്‍ണായമായിരുന്നു.
2019ല്‍ 4,31,770 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച രാഹുല്‍ ഗാന്ധിക്ക് ഒരുതരത്തിലും 2024ല്‍ വെല്ലുവിളിയാവേണ്ട മണ്ഡലമല്ല വയനാട് എന്നായിരുന്നു യുഡിഎഫ് കണക്കുകൂട്ടലുകള്‍. കഴിഞ്ഞ തവണ 10,87,783 വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍ 706,367 ഉം രാഹുല്‍ നേടി.