അബുദാബി: യുഎഇയിലും ഒമാനിലും അടുത്തിടെ പെയ്ത ശക്തമായ മഴയ്ക്ക് കാരണം കാലാവസ്ഥാ വ്യതിയാനവും എൽനിനോ പ്രതിഭാസവുമാണെന്ന് പഠനറിപ്പോർട്ട്. സമുദ്രത്തിലെ ഉപരിതല ജലത്തിൻറെ താപനില കൂടുന്ന എൽനിനോ പ്രതിഭാസം മഴയുടെ തീവ്രത കൂട്ടിയതായിട്ടാണ് കാലാവസ്ഥ വിദഗ്ധരുടെ അന്താരാഷ്ട്ര സംഘം നടത്തിയ പഠനത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എൽനിനോ പ്രതിഭാസം അറേബ്യൻ ഉപദ്വീപിലെ ഈ മേഖലയിൽ 10–40% വരെ ശക്തമായതാണ് വേൾഡ് വെതർ ആട്രിബ്യൂഷൻ ഗ്രൂപ്പിലെ ഗവേഷകരുടെ കണ്ടെത്തൽ. ഫോസിൽ ഇന്ധനങ്ങൾ കത്തുന്നത് മൂലം ആഗോളതാപനം കൂടുന്നതും മഴയുടെ തീവ്രത കൂടിയതിന് കാരണമായി പറയുന്നുണ്ട്.
എൽ നിനോ പ്രതിഭാസവും മനുഷ്യൻറെ ഇടപെടൽ കാരണമുള്ള കാലാവസ്ഥാ മാറ്റവുമാണ് യുഎഇയിലെയും ഒമാനിലെയും കനത്ത മഴയ്ക്ക് കാരണമായതെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ഗ്രന്ഥം ഇൻസ്റ്റിറ്റ്യൂട്ട്- ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയോൺമെൻറിലെ കാലാവസ്ഥ ശാസ്ത്രം സീനിയർ ലക്ചറർ ഫ്രെഡറിക് ഓട്ടോ പറഞ്ഞു.