നടൻ ദിലീപ് അന്നും ഇന്നും തനിക്ക് ഒരു ഏട്ടനെ പോലെയാണെന്ന് അഭിനേത്രിയും അവതാരകയുമായ മീര നന്ദൻ. ദുബൈയിലേക്ക് താമസം മാറുമ്പോൾ അദ്ദേഹം ഒരു സഹോദരനെ പോലെ തന്നെ ഉപദേശിച്ചാണ് യാത്രയയച്ചതെന്നും മീര എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
എല്ലാവരും ദിലീപിനെതിരെ വിമർശനങ്ങളുമായി വന്ന സാഹചര്യത്തിലും മീര എന്ത് കൊണ്ടാണ് ദിലീപിനോടൊപ്പം നിന്നത് എന്ന ചോദ്യത്തിന് മീരയുടെ മറുപടി ഇങ്ങനെയായിരുന്നു.

“എനിക്കറിയാവുന്ന ദിലീപേട്ടൻ എപ്പോഴും ഒരു സഹോദരനെ പോലെയാണ്. ഞാൻ ദുബായിലേക്ക് മാറുന്നു എന്ന് ദിലീപേട്ടനോട് ആദ്യം വിളിച്ച് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത്: “നീ എപ്പോഴും നിന്റെ അച്ഛനെയും അമ്മയെയും കുറിച്ചാലോചിക്കണം. നീ വേറൊരു സ്ഥലത്തേക്ക് മാറുകയാണെങ്കിലും, ഒറ്റയ്ക്ക് ജീവിക്കുകയാണെങ്കിലും എപ്പോഴും അവരെ കുറിച്ചാലോചിക്കണം. അവർ നിനക്ക് വേണ്ടി ഇത്രയും നാൾ ചെയ്തത് എന്തൊക്കെയാണെന്നുള്ളത് എപ്പോഴും ചിന്തിക്കണം”. ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞു തരുന്ന ഒരു സഹോദരതുല്യനാണ് ദിലീപേട്ടൻ എനിക്ക്. അത് ഇപ്പോഴും അങ്ങനെ തന്നെയാണ് “- മീര പറഞ്ഞു.

ലാൽ ജോസ് സംവിധാനം ചെയ്ത ദിലീപ് ചിത്രം ‘മുല്ല’ യിലൂടെയായിരുന്നു അവതാരകയായിരുന്ന മീര നന്ദൻ സിനിമയിലേക്കെത്തുന്നത്. തുടർന്ന് പുതിയ മുഖം, സീനിയേഴ്സ്, ലോക്പാൽ തുടങ്ങി നിരവധി ചിത്രങ്ങളിൽ മീര അഭിനയിച്ചിട്ടുണ്ട്. എന്നാൽ സിനിമയിൽ സജീവമായിരിക്കുമ്പോൾ തന്നെ റേഡിയോ ജോക്കിയായി ദുബായിലേക്ക് ചേക്കേറുകയായിരുന്നു.
താൻ അവതാരകയായതെങ്ങനെയെന്നും തുടർന്ന് സിനിമയിലേക്കെത്തിയതും സിനിമ നടിയിൽ നിന്നും റേഡിയോ ജോക്കിയായി മാറിയതെങ്ങനെയാണെന്നും മീര അഭിമുഖത്തിൽ പങ്കുവെക്കുന്നുണ്ട്. സ്വകാര്യത വളരെ ആഗ്രഹിക്കുന്ന വ്യക്തികൂടിയാണ് താനെന്നും വിവാഹ ജീവിതത്തെ കുറിച്ചും സോഷ്യൽ മീഡിയയിൽ നേരിടുന്ന മോശം കമ്മെന്റ്‌സുകളെ കുറിച്ചും ‘ദിസ് ഈസ് മൈ സ്റ്റോറി’ എന്ന അഭിമുഖത്തിൽ മീര പങ്കുവെക്കുന്നു
