ദുബായിൽ വരുന്നു ലോകത്തെ ഏറ്റവും വലിയ വിമാനത്താവളവും എയർപോർട്ട് സിറ്റിയും
ദുബായ്: 2.9 ലക്ഷം കോടി രൂപ ചിലവിൽ ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം ദുബായിൽ വരുന്നു. ഞായറാഴ്ചയാണ് അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ട് പദ്ധതിക്ക് ദുബായ് ഭരണാധികാരി അന്തിമ അംഗീകാരം നൽകിയത്.
സൗത്ത് ദുബായ് പദ്ധതിയുടെ ഭാഗമായിട്ടാണ് നിലവിലുള്ള വിമാനത്താവളത്തിൽ പുതിയ ടെർമനിലുകൾ വരുന്നത്. തെക്കൻ ദുബായിൽ ജബർ അലി തുറമുഖത്തിനും ദുബായ് എക്സ്പോ വേദിക്കും അടുത്തായിട്ടാണ് പുതിയ വിമാനത്താവളം വരുന്നത്. ലോകത്തെ ഏറ്റവും വലിയ വിമാനത്താവളവും തിരക്കേറിയ തുറമുഖവും കൊണ്ട് ദുബായുടെ അടുത്ത നാൽപ്പത് വർഷത്തെ വികസനത്തിന് കൂടിയാണ് ദുബായ് ഭരണകൂടം അടിത്തറ പാകുന്നത്.
“ലോകത്തിൻ്റെ വിമാനത്താവളം, തുറമുഖം, നഗര കേന്ദ്രം, പുതിയ ആഗോള കേന്ദ്രം” എന്നിവയെല്ലാം പുതിയ പദ്ധതിയുടെ ഭാഗമാണെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമൂഹമാധ്യമത്തിൽ കുറിച്ചു. നമ്മുടെ കുട്ടികൾക്കും ഇനിയുള്ള തലമുറകൾക്കും കൂടി വേണ്ടിയാണ് ഈ പദ്ധതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ വിമാനത്താവളത്തിൻ്റെ പ്രത്യേകതകൾ
പുതിയ വിമാനത്താവളം അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ട് എന്ന് അറിയപ്പെടും. അഞ്ച് സമാന്തര റൺവേകളും 260 ദശലക്ഷം യാത്രക്കാർക്ക് ആതിഥേയത്വം വഹിക്കാനുള്ള ശേഷിയും 400 എയർക്രാഫ്റ്റ് ഗേറ്റുകളും ഈ വിമാനത്താവളത്തിലുണ്ടാവും.
നിലവിലുള്ള ദുബായ് വിമാനത്താവളത്തിൻ്റെ അഞ്ചിരട്ടി വലിപ്പമാണ് പുതിയ വിമാനത്താവളത്തിനുള്ളത്. അടുത്ത പത്ത് വർഷം കൊണ്ട് ഘട്ടം ഘട്ടമായി മുഴുവൻ പ്രവർത്തനങ്ങളും പുതിയ വിമാനത്താവളത്തിലേക്ക് മാറ്റും. അത്യാധുനിക സാങ്കേതിക വിദ്യയിലാവും പുതിയ വിമാനത്താവളം പ്രവർത്തിക്കുക.
ദുബായ് സൗത്തിലെ വിമാനത്താവളത്തിന് ചുറ്റും ഒരു നഗരം കൂടി പുതുതായി നിർമ്മിക്കപ്പെടും. പത്ത് ലക്ഷത്തോളം പേർക്കുള്ള താമസസൗകര്യം ഇവിടെയൊരുങ്ങും. ലോജിസ്റ്റിക്സ്, എയർ ട്രാൻസ്പോർട്ട് മേഖലകളിലെ ലോകത്തെ മുൻനിര കമ്പനികളെ ഈ നഗരത്തിലേക്ക് കൊണ്ടു വരാനാണ് ദുബായ് ഭരണകൂടം ലക്ഷ്യമിടുന്നത്.
2010-ൽ തന്നെ ദുബായ് വിമാനത്താവളത്തിൽ നിന്നും 45 കിലോമീറ്റർ അകലെയായി അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം ആരംഭിച്ചിരുന്നു. എന്നാൽ ഇവിടെ നിലവിൽ കാര്യമായ ഓപ്പറേഷൻസ് നടക്കുന്നില്ല. കൊവിഡ് സമയത്ത് എമിറേറ്റ്സിൻ്റെ ഡബിൾ ഡെക്കർ എയർബസ് A380 കൾക്കും മറ്റ് വിമാനങ്ങൾക്കും പാർക്കിംഗ് സ്ഥലമായി ഇത് പ്രവർത്തിച്ചു, അതിനുശേഷം ചരക്ക്, സ്വകാര്യ ഫ്ലൈറ്റുകളാണ് ഇപ്പോൾ ഇവിടേക്ക് സർവ്വീസ് നടത്തുന്നത്. രണ്ടുവർഷത്തിലൊരിക്കലുള്ള ദുബായ് എയർ ഷോയും ഇവിടെ നടത്തുന്നു. ആൾതാമസമില്ലാത്ത ആയിരക്കണക്കിന് ഏക്കർ മരുഭൂമിയാണ് ഈ പ്രദേശം പുതിയ വിമാനത്താവള ടെർമിനൽവരുന്നതോടെ പുതിയൊരു ആഗോള നഗരമായി ഇവിടം മാറും. 70 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് പുതിയ വിമാനത്താവളം വരുന്നത്. ഇതിന് ചുറ്റുമായിട്ടാണ് പുതിയ നഗരം പണിയാൻ ഉദ്ദേശിക്കുന്നതും.