ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ മാക്ട പിളരാനും വിനയന് വിലക്കേർപ്പെടുത്താനും കാരണമായ സംഭവങ്ങൾ വീണ്ടും ചർച്ചയാവുന്നു. ഒരു ഓൺലൈൻ ചാനലിന് സംവിധായകൻ തുളസീദാസ് നൽകിയ അഭിമുഖത്തെ തുടർന്നാണ് പഴയ വിവാദങ്ങൾക്ക് വീണ്ടും ജീവൻ വച്ചത്.
ദിലീപിനെ നായകനാക്കി താനൊരു സിനിമ ചെയ്യാൻ പദ്ധതിയിട്ടിരുന്നുവെന്നും ഇതിനുള്ള പ്രൊഡ്യൂസറെ താൻ തന്നെ കണ്ടെത്തിയതാണെന്നും അഭിമുഖത്തിൽ തുളസീദാസ് പറയുന്നു. എന്നാൽ ദിലീപിൻ്റെ തിരക്കുകൾ കാരണം ഈ പ്രൊജക്ട വിചാരിച്ച സമയത്ത് തുടങ്ങാനായില്ല. ഇതോടെ താൻ മറ്റൊരു സിനിമ ചെയ്തു. ദിലീപിനെ അറിയിച്ചാണ് താൻ ആ സിനിമ ചെയ്യാൻ പോയത്. എന്നാൽ ഇതിനിടെ ദിലീപ് ഇതേ നിർമ്മാതാവിനെ വച്ച് മറ്റൊരു സംവിധായകനെ കൊണ്ട് വന്നു താൻ കണ്ടെത്തിയ കഥ സിനിമയാക്കി. തൻ്റെ പ്രൊജക്ടിന് വേണ്ടി അഡ്വാൻസ് കൈപ്പറ്റിയ ശേഷമായിരുന്നു ദീലിപിൻ്റെ ഈ നടപടി.
ഇതു തനിക്ക് വലിയ മനോവിഷമം ഉണ്ടാക്കിയെന്നും ഇക്കാര്യം അടുത്ത സഹപ്രവർത്തകരുമായി പങ്കുവച്ചെന്നും തുളസീദാസ് പറയുന്നു. അപ്പോൾ അടുത്ത സുഹൃത്തുകളായ നടൻ സിദ്ധീഖും സംവിധായകൻ കെ.മധുവുമാണ് വിഷയത്തിൽ പരാതിപ്പെടാൻ തന്നോട് ആവശ്യപ്പെട്ടത്. അങ്ങനെ സംവിധായകരുടേയും സാങ്കേതിക പ്രവർത്തകരുടേയും സംഘടനയായ മാക്ടയുടെ പ്രസിഡൻ്റായ വിനയന് താൻ പരാതി നൽകി. തങ്ങളുടെ നിർബന്ധം മൂലം വിനയൻ വിഷയത്തിൽ ഒടുവിൽ വിനയനും ബാക്കിയുള്ളവരും തമ്മിലായി പ്രശ്നങ്ങൾ.
ഒടുവിൽ മാക്ട തന്നെ പിളരുകയും വിനയൻ ഒറ്റപ്പെടുകയും ചെയ്യുന്ന നിലയുണ്ടായി. മാക്ട് പിളർന്ന് ഫെഫ്കയുണ്ടായത് അങ്ങനെയാണ്. വിഷയത്തിൽ പരാതിക്കാരനായി വന്ന തുളസീദാസടക്കം പിന്നീട് വിനയനെ തള്ളിപ്പറഞ്ഞതായി വിമർശനമുണ്ടായെങ്കിലും ഇതു തെറ്റാണെന്നും അങ്ങനെയൊരു ധാരണയുടെ പുറത്തല്ല താൻ മോഹൻലാൽ സിനിമ കോളേജ് കുമാരൻ ചെയ്തതെന്നും തുളസീദാസ് പറയുന്നു.
വിനയൻ്റെ ഫേസ്ബുക്ക് പോസ്റ്റ് –
പെട്ടുപോയതല്ല തുളസീദാസ്… പെടുത്തിയതാണ്…. ഞാൻ പെടുന്നതു കാണാൻ അന്ന് കാത്തിരുന്നവർ അവരുടെ ഗൂഢാലോചനയ്ക് അതോടെ വേഗത കൂട്ടി എന്നതാണ് സത്യം
17 വർഷം മുൻപ് താരാധിപത്യ ത്തിനു കുടപിടിക്കുവാനായി, സൂപ്പർ താരങ്ങളുടെ ഡേറ്റിനായി പിന്നാലെ നടന്ന മലയാളത്തിലെ സംവിധായകരും, സ്വാർത്ഥ മോഹികളായ കുറേ നിർമ്മാതാക്കളും ചേർന്ന് മാക്ട ഫെഡറേഷൻ എന്ന സംഘടന തകർക്കുകയും,അതിന്റ സ്ഥാപക സെക്രട്ടറി ആയ എന്നെ സിനിമയിൽ നിന്നു തന്നെ ഒഴിവാക്കുവാൻ തീരുമാനിക്കുകയും ചെയ്ത ഗൂഢാലോചനയുടെ കാരണത്തെപ്പറ്റി ഇതുവരെ ചർച്ച ചെയ്യാത്ത ചില വെളിപ്പെടുത്തലുകൾ സംവിധായകൻ തുളസിദാസ് നടത്തിയിരിക്കുന്നു..
നന്ദി ശ്രീ തുളസി ദാസ്… സുപ്രീം കോടതി വിധിപ്രകാരം ഫൈൻ അടച്ചതു കൊണ്ടു മാത്രം പോരല്ലോ? എന്നോടവരു കാണിച്ച ചതിയും നെറികേടും തുറന്നു കാട്ടാൻ ഇനിയും പല ചലച്ചിത്രകാരന്മാരിൽ നിന്നും. പല സത്യവും പുറത്തുവരും.. അതാണല്ലോ കാവ്യനീതി…
മലയാളസിനിമയിലെ ടെക്നീഷ്യൻമാർക്കും തെഴിലാളകൾക്കുമായി കേരളത്തിലാദ്യമായി 18 വർഷത്തിനു മുൻപ് ഉണ്ടായ ട്രേഡ് യൂണിയനാണ് മാക്ട ഫെഡറേഷൻ. താരാധിപത്യം കൊടി കുത്തിവാണിരുന്ന ആ കാലത്ത് അവർക്കു നേരെ വിരൽ ചൂണ്ടാൻ ധൈര്യം കാണിക്കുകയും.. കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന സിനിമയിലെ അവസ്ഥ മാറാൻ വേണ്ടി ശക്തമായി പ്രതികരിക്കുകയും, കേരളത്തിലാദ്യമായി സിനിമാ ടെക്നീഷ്യൻമാർക്കും തൊഴിലാളികൾക്കും ഒരഡ്രസ്സ് ഉണ്ടാക്കികൊടുക്കുകയും ചെയ്ത സംഘടന ആയിരുന്നു മാക്ട ഫെഡറേഷൻ. അതുകൊണ്ടു തന്നെ ആ സംഘടനയേയും അതിന്റെ സെക്രട്ടറി ആയ എന്നേയും സിനിമയിലെ അന്നത്തെ വരേണ്യ വർഗ്ഗം നോട്ടമിട്ടിരുന്നു.. ഇന്ന് പുതിയ സംഘടനയിലെ മെമ്പർമാരായ പലർക്കും അന്ന് ആദ്യ മായി ആ ട്രേഡ് യൂണിയൻ ഉണ്ടാക്കാൻ ഞങ്ങൾ എടുത്ത എഫർട്ടിനെപ്പറ്റി അറിയില്ല.. ആ ബയലോയും യൂണിയനുകളേം ഒക്കെ വച്ച് പുതിയ സംഘടന ഉണ്ടാക്കാൻ എളുപ്പമായിരുന്നു.. പക്ഷേ എല്ലാ അണ്ടനേം അടകോടനേം ഒക്കെ ഒരുമിച്ചിരുത്തി ട്രേഡ് യുണിയൻ ഉണ്ടാക്കാൻ തനിക്കു വട്ടാണോ വിനയാ എന്നെന്നോടു ചോദിക്കാത്ത വിരലിൽ എണ്ണാവുന്ന സംവിധായകരേ അന്ന് ഉണ്ടായിരുന്നുള്ളു എന്ന വസ്തുത എത്ര പേർക്കറിയാം..
സത്യസന്ധമായും ആരുടെ മുന്നിലും തലകുനിക്കാതെ തന്റേടത്തോടേയു0 പ്രവർത്തിച്ച ആ പഴയ സംഘടനയുടെ പേരു പോലും ചിർക്കൊക്കെ ഭയവും അരോചകവും ആയതിനാലാണ് മാതൃ നാമം തന്നെ മാറ്റി പുതിയ പേരിട്ടത്.. അതായിരുന്നു സിനിമാ മേഖലയിൽ ഞാൻ കണ്ട ഏറ്റവും വലിയ ഫാസിസം
മാക്ട ഫെഡറേഷൻ ഉണ്ടായി രണ്ടാമത്തെ വർഷം, അന്ന് മലയാളസിനിമയിൽ മൂന്നാമത്തെ സൂപ്പർ സ്റ്റാറായി വളർന്നു വന്ന നടൻ ദിലീപിനെതിരെ എഗ്രിമെന്റുൾപ്പടെ കൃത്യമായ തെളിവുകളോടെ ഒരു പരാതിയുമായി തുളസീദാസ് സമീപിച്ചതോടെയാണല്ലോ പ്രശ്നം ആരംഭിക്കുന്നത്.. ദിലീപിന്റെ തുടക്ക കാലം മുതൽ എന്റെ വളരെ അടുത്ത സുഹൃത്താണന്നൂം ഏറ്റവും കൂടുതൽ ചിത്രങ്ങൾ ദിലീപിനെ വച്ചു ചെയ്ത സംവിധായകൻ ഞാനാണന്നും ആ അടുപ്പം നിലനിൽക്കുന്നതു കൊണ്ട് ഈ പരാതിയിൽ ഞാൻ ഇടപെടുന്നതു ശരിയല്ല. നിങ്ങൾ താരസംഘടന വഴിയോ നിർമ്മാതാക്കളുടെ സംഘടന വഴിയോ ദിലീപുമായി സംസാരിച്ചു പ്രശ്നം തീർക്കാനാണ് തുളസീ ദാസിനു വേണ്ടി എന്നേ സമീപിച്ച സംവിധായകരോട് ഞാൻ അന്നു പറഞ്ഞത് .. പൊള്ളാച്ചിയിൽ എന്റെ തമിഴ് സിനിമയുടെ ഷൂട്ടിലായിരുന്നു അപ്പോൾ ഞാൻ.
പക്ഷേ വിനയൻ ഇപെട്ടാലേ നീതി ലഭിക്കു, മറ്റുള്ളലർ പലരും സൂപ്പർ താരങ്ങളെ കണ്ടാൽ കവാത്തു മറക്കുന്നവരാണ് നിംങ്ങളാണേൽ നിലപാടിൽ ഉറച്ചു നിൽക്കും എന്നൊക്കെ എന്നെ കുറേ പുകഴ്ത്തിപ്പറഞ്ഞ് കുഴപ്പത്തിലാക്കിയ ആ സീനിയർ സംവിധായകർ ആരും എന്നെ സിനിമയിൽ നിന്നു വിലക്കാനുള്ള ഗൂഢ തീരുമാനം എടുത്തപ്പോൾ ഒരക്ഷരം മിണ്ടിയില്ല എന്നത് ഏറെ രസകരമായ കാര്യമാണ്.
സിനിമയിൽ ആർക്കും എന്നെ കൊണ്ടു കഴിയുന്ന എന്തെൻകിലും ഉപകാരം ചെയ്തിട്ടുള്ളതല്ലാതെ ഞാനാരേം വിലക്കാനോ ദ്രോഹിക്കാനോ പോയട്ടില്ല.. ആ സമയത്ത് ഞാൻ മാക്ട എന്ന സാംസ്കാരിക സംഘടനയനയുടെ ചെയർമാനായിരുന്നു. മാക്ട ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയും മാക്ടോസ് എന്ന സിനിമാക്കാരുടെ കോപ്പറേറ്റീവ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡൻറായും ഒക്കെ ഒരേ സമയം പ്രവർത്തിച്ചിരുന്ന എന്നോട് എന്റെ ചില സഹപ്രവർത്തകർക്ക് ചെറിയ അസൂയയും ഇഷ്ടക്കേടുമൊക്കെ ഉണ്ടായിരുന്നതായി എനിക്കറിയാമായിരുന്നു.. പക്ഷേ അതിത്രയും വലിയ പകയായി മാറുമെന്നും കൂടെ നടന്നുകൊണ്ട് പിന്നിൽ നിന്നു കുത്തി താഴെ ഇടുമെന്നും ഞാൻ സ്വപ്നത്തിൽ പോലം ചിന്തിച്ചിരുന്നില്ല..
ആ സമയത്ത് വർഷത്തിൽ രണ്ടു സിനിമ എൻകിലും എന്റേതായി റിലീസ് ചെയ്യുമായിരുന്നു.. അത്ര സജീവമായി സംവിധാന രംഗത്തു നിന്നിരുന്ന എന്നെ വിലക്കിന്റെ പിറ്റേദിവസം ടിവി ചാനലിൽ വന്ന് കാലഹരണപ്പെട്ട സംവിധായകൻ എന്ന്.. എന്റെ ജോയന്റ് സെക്രട്ടറി ആയി നടന്ന ആൾ വിളിക്കുന്നതു കേട്ട് ഞാൻ ഞെട്ടിപ്പോയി.. ഞെട്ടലോടൊപ്പം വല്ലാത്ത ദുഖവും തോന്നി..
ഒടുവിലായി ഇറങ്ങിയ എന്റെ സിനിമ “പത്തൊമ്പതാം നൂറ്റാണ്ട്”നു ശേഷമെൻകിലും നിങ്ങൾ കാലഹരണപ്പെട്ട സംവിധായകനല്ല എന്ന് അദ്ദേഹമൊന്ന് വിളിച്ചു പറയുമെന്നാണ് കരുതിയത്.. ബ്ളെസ്സിയെ പോലെ ചുരുക്കം ചില സംവിധായകർ പത്തൊമ്പതാ0 നൂറ്റാണ്ട് കണ്ട ശേഷ0 വിളിച്ച് അഭിനന്ദിച്ചപ്പോഴും .. കൂടെ പ്രവർത്തിച്ചിരുന്ന സുഹൃത്തിന്റ ഫോൺ കാൾ ഞാൻ പ്രതീക്ഷിച്ചു. കാരണം സംഘടനാ നേതൃത്വത്തിൽ ഇരിക്കുന്നവർക്കാണല്ലോ കൂടുതൽ പക്വത ഉണ്ടാവുക..
ഒരു ടെക്നീഷ്യന്റെ വിജയത്തിൽ ഏറെ സന്തോഷമുണ്ടാവുക… മാത്രമല്ല ഞാൻ ആ വ്യക്തിയോട് നേരിട്ട് സ0സാരിച്ച് ഒന്നു മുഷിഞ്ഞിട്ടു പോലുമില്ല… ഏതായാലും തുളസീ ദാസിനേ പോലെയുള്ള സുഹൃത്തുക്കൾ വല്ലപ്പോഴും ഓർക്കുണ്ടന്നറഞ്ഞതിൽ വളരെ സന്തോഷം.. 2007-ൽ നടന്ന അന്തർ നാടകങ്ങളെപ്പറ്റിയും ഒറ്റക്കു നിന്ന് ഒരു ഫൈറ്ററേ പോലെ അതു നേരിട്ടതുമൊക്കെ ഇന്നും ഒരു സ്പോർട്സ്മാൻ സ്പിരിറ്റോടെ ഞാൻ ഓർക്കുന്നു.. കാലം കുറേ കടന്നു പോയില്ലേ.. അതിന്റെ പേരിൽ ആരോടും ഒരു ദേഷ്യവും എനിക്കില്ല..ഞാൻ സ0ഘടനാ നേതൃത്വത്തിൽ ഉള്ളപ്പോൾ സ്നേഹത്തോടേ ഇവരേ എല്ലാ0 ചേർത്തു പിടിച്ചിട്ടുണ്ട്
വ്യക്തി താതാൽപ്പര്യങ്ങൾക്കായി അവർ എന്നേ ദ്രോഹിച്ചതിലു0 എനിക്കു പകയില്ല… പക്ഷേ പത്തു വർഷങ്ങളാണ് എനിക്കു പോയത്.. പോട്ടേ …സാരമില്ല കുറേ കഴിയുമ്പോൾ നമ്മൾ തന്നേ പോകേണ്ടതല്ലേ? ഏതായാലു0 കാലഹരണപ്പെടാതിരിക്കാൻ വേണ്ടി അടുത്ത സിനിമയും ശ്രദ്ധേയമാക്കാനുള്ള ശ്രമത്തിലാണ് ഞാൻ.. അതിനു വേണ്ടി ഒരു വർഷമായി മുഴുവൻ സമയവു0 ചിലവഴിക്കുന്നു.. എല്ലാവരുടേയും പ്രാർത്ഥന ഉണ്ടാവണം..