എഡിറ്റോറിയലിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് കൊച്ചിയില്‍ വെച്ച് നടത്തിയ എ.ബി.സി കാര്‍ഗോ മാംഗല്യത്തിലൂടെ നിര്‍ധന കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ പുതിയ ജീവിതത്തിലേക്ക് കടന്നു. ഒക്ടോബര്‍ 21ന് എറണാകുളം പാടിവട്ടം അസീസിയ കണ്വെന്ഷന് സെന്ററില്‍ വെച്ച് ശനിയാഴ്ച പകല്‍ 11 മണിക്കാണ് ആഘോഷപൂര്‍വ്വം പെണ്‍കുട്ടികളുടെ വിവാഹം നടന്നത്.
നിര്‍ധന കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായവും നല്കി. പരിപാടിയില്‍ മുഖ്യാതിഥിയായി മാംഗല്യത്തിന്റെ ജൂറി ചെയര്മാന് കമല്‍ പങ്കെടുത്തു. കൊച്ചി മേയര്‍ അനില്‍ കുമാര്‍, തൃക്കാക്കര എം.എല്‍.എ ഉമ തോമസ്, സംവിധായകന് എം.എ നിഷാദ് തുടങ്ങിയവര്‍ പരിപാടിയില്‍ അതിഥികളായെത്തി.
ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് എഡിറ്റോറിയല്‍ സിഇഒ വിഗ്നേഷ് വിജയകുമാര്‍ പറഞ്ഞു.
അര്‍ഹിക്കുന്നവരെ തന്നെയാണ് വിവാഹത്തിനായി തെരഞ്ഞെടുത്തതെന്ന് സംവിധായകന് കമല്‍ വേദിയില്‍ പറഞ്ഞു. സമൂഹ വിവാഹമല്ല, സൗഹൃദ സദസ്സാണെന്ന് പറയാനാണ് താത്പര്യപ്പെടുന്നതെന്ന് എഡിറ്റോറിയല്‍ എം.ഡിയും ചീഫ് എഡിറ്ററുമായ അരുണ്‍ രാഘവന് പറഞ്ഞു.
ചലച്ചിത്ര സംവിധായകന് കമലിന്റെ അധ്യക്ഷതയില്‍, എഴുത്തുകാരന് ബെന്യാമിന്, ഖത്തറിലെ പ്രമുഖ ഇ.എന്‍.ടി സര്‍ജനും സംരംഭകനും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായ ഡോ. മോഹന്‍ തോമസ്, ഖലീജ് ടൈംസ് മാനേജിംഗ് എഡിറ്റര്‍ ഐസക് ജോണ്‍ പട്ടാണിപറമ്പില്‍, എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ഷെമി, മാംഗല്യം കോഡിനേറ്ററും ആരോഗ്യപ്രവര്‍ത്തകയുമായ താഹിറ കല്ലുമുറിക്കല്‍ എന്നിവരടങ്ങിയ ജൂറി ടീം അംഗങ്ങളാണ് തെരഞ്ഞെടുത്ത അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കിയത്.