ഒരു കുഞ്ഞിനെ പോലെ പരിപാലിച്ച് പോന്ന സ്വന്തം സംരംഭം കൺമുന്നിൽ പൊളിഞ്ഞു വീഴുന്നതിന്റെ പൊള്ളലറിഞ്ഞവരാണ് പ്രതീക്ഷയിലെ വനിതകൾ. ഏറെ പ്രതീക്ഷകളോടെ കുടുംബം പോറ്റാൻ വിദേശത്ത് വന്ന അപ്രതീക്ഷിതമായി തിരിച്ചടികൾ നേരിട്ട വനിതകൾ. പലരും യുഎഇയിൽ സ്വന്തമായി ബിസിനസ് നടത്തിയിരുന്നവരാണ്, മറ്റ് ജോലികൾ ചെയ്ത് പോന്നവരാണ് പക്ഷേ പലരുടെയും ബിസിനസ് നഷ്ടത്തിലായി പതിയെ കടക്കെണിയിലായി. അങ്ങനെ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള പോരാട്ടത്തിനിടെയാണ് അവർ ഒന്നിക്കുന്നത്. യുഎഇയിൽ സംരംഭകയും സാമൂഹിക പ്രവർത്തകയുമായിരുന്ന സിന്തയാണ് തന്നെപ്പോലെ തന്നെ ജീവിക്കാൻ ബുദ്ധിമുട്ടുന്ന ഒരുകൂട്ടം സ്ത്രീകളെ കണ്ടെത്തി ഒരു കുടക്കീഴിലെത്തിച്ചത്.
സ്വയം തൊഴിൽ സംരംഭമെന്ന ആശയം പിറക്കുന്നു
പലതരം കഴിവുകളുള്ളവരാണ് ഓരോരുത്തരും. സ്വന്തമായി ബിസിനസ് നടത്തിയതിന്റെ അനുഭവസമ്പത്തും കൈമുതലായുണ്ട്. അറിയാവുന്ന ജോലികൾ ചെയ്ത് ഒരു ബ്രാൻഡായി പ്രവാസികൾക്കിടയിലേക്കിറങ്ങുകയാണ് ഇവരുടെ ലക്ഷ്യം. പരസ്പരം താങ്ങാവാനുള്ള മനസാണ് ഗ്രൂപ്പിലെ അംഗങ്ങളുടെ പ്രത്യേകയെന്ന മീന പറയുന്നു.മായക്കും ബിന്ദുവിനും രാജിക്കും പറയാനുള്ളതും ഇനി പരാജയത്തിന്റെ കയ്പ്പേറാൻ ഞങ്ങളില്ല എന്ന് തന്നെയാണ്. ഒന്നിച്ചു കൂടി പൊട്ടിച്ചിരിക്കുന്നത് പോലും പലപ്പോഴും വേദനകൾ മറക്കാനാണ്. ഉണ്ടായിരുന്ന ജോലി നഷ്ടമായി, കടം കയറി, വാടക കൊടുക്കാൻ കഴിയാതെ, ജീവിതത്തിന് മുന്നിൽ പല പ്രാവശ്യം തോറ്റ് തല കുനിച്ച് നിന്നവരാണ്. പക്ഷേ ഇനി അതല്ല ഇവരുടെ കഥ.
വീട്ടിൽ മക്കൾക്ക് ഉണ്ടാക്കി കൊടുക്കുന്ന എല്ലാ പലഹാരങ്ങളും ഓർഡർ അനുസരിച്ച് ഉണ്ടാക്കാൻ റഹ്മത്തും റെഡിയാണ്. അച്ചാറും കുമ്പിളപ്പവും കേക്കും ഇറാനി പോളയും ഇനിയിപ്പോ ഒരു സദ്യ വേണമെങ്കിൽ അതും ദേ ഇവരുണ്ടാക്കിത്തരും. പാചകം മാത്രമല്ല തയ്യലും കരകൌശല നിർമാണവും മേക്ക് അപ്പ് ആർട്ടിസ്റ്റുകളും എന്തിനേറെ പറയണം ബൈക്ക് റൈഡർമാർ വരെയുണ്ട് സംഘത്തിൽ. എല്ലാവരുടെയും കഴിവുകൾ കോർത്തിണക്കി പ്രവാസലോകത്ത് പുതിയൊരു അധ്യായം രചിക്കുകയാണ് ഈ പെൺകൂട്ടായ്മ
ഷാർജ ഇന്ത്യൻ അസോസിയേഷൻ എന്ന പിടിവള്ളി
സാമൂഹിക പ്രവർത്തകയായ സിന്തയും സുഹൃത്തുക്കളും ചേർന്ന് ഷാർജ ഇന്ത്യൻ അസോസിയേഷന് കീഴിലെ പ്രതീക്ഷ എന്ന സംഘടനയുടെ പിന്തുണയോടെയാണ് യുഎഇയിൽ സ്വയം സഹായ സംഘത്തിന് രൂപം കൊടുക്കുന്നത്.
ജോലി നഷ്ടമായി, വിസ തട്ടിപ്പിനിരയായി താമസസ്ഥലം പോലുമില്ലാതെ പ്രവാസ ലോകത്ത് അലയുന്ന സ്ത്രീകൾക്ക് അന്തിയുറങ്ങാൻ സുരക്ഷിതമായൊരു സ്ഥലമൊരുക്കണമെന്നാണ് അംഗങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം. ഷാർജ ഇന്ത്യൻ അസോസിയേഷന് കീഴിലെ പ്രതീക്ഷ എന്നകൊച്ചു കൂട്ടായ്മയാണ് ഈ വനിതാ സംഘത്തെ മുന്നോട്ട് നയിക്കുന്നത്
എക്കാലവും മലയാളികളെ ചേർത്ത് നിർത്തുന്ന പ്രവാസി സമൂഹത്തിന്റെ പിന്തുണയാണ് പിച്ചവയ്ക്കാനൊരുങ്ങുന്ന പുതിയ സംരംഭത്തിന് ആവശ്യം. ഒരിക്കൽ നഷ്ടമായ സ്വപ്നങ്ങൾ, ആഗ്രഹങ്ങൾ അവർ ഒന്നിച്ച് നിന്ന് പൊരുതി നേടട്ടെ