കൊച്ചി: പുതിയ വിമാന സർവീസുമായി ഇൻഡിഗോ എയർലൈൻസ്. ഇൻഡിഗോയുടെ ബഹ്റൈൻ-കൊച്ചി വിമാന സർവീസ് ജൂൺ ഒന്നു മുതൽ ആരംഭിക്കും. ബഹ്റൈനിൽ നിന്ന് രാത്രി 11.45ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.55ന് കൊച്ചിയിൽ എത്തും. തിരികെ കൊച്ചിയിൽ നിന്ന് രാത്രി 8.35ന് പുറപ്പെട്ട് രാത്രി 10.45ന് ബഹ്റൈനിൽ എത്തും.
വേനൽക്കാല സീസണിൽ യുഎഇയിലെ വിവിധ എമിറേറ്റുകളിലേക്ക് കൂടുതൽ വിമാനസർവ്വീസുണ്ടാവുമെന്ന് നേരത്തെ എയർഇന്ത്യ എക്സ്പ്രസ്സും വ്യക്തമാക്കിയിരുന്നു. അബുദാബി, റാസൽഖൈമ, ദുബായ് നഗരങ്ങളിലേക്ക് ആഴ്ചയിൽ 24 അധികസർവ്വീസുകൾ വരെ വേനൽക്കാലത്ത് നടത്താനാണ് എയർഇന്ത്യ എക്സ്പ്രസ്സ് പദ്ധതിയിടുന്നത്.
ദുബായ് സെക്ടറിലെ പ്രതിവാര സർവ്വീസുകളുടെ എണ്ണം 84 ആക്കാനായി നാല് വിമാനങ്ങൾ കൂടി സർവ്വീസിനെത്തും. അബുദാബി റൂട്ടിൽ 14 വിമാനങ്ങൾ ഇറക്കി 43 സർവ്വീസുകൾ നടത്തും. ആഴ്ചയിൽ ആറ് വിമാനങ്ങൾ കൂടി റാസൽ ഖൈമ റൂട്ടിലേക്ക് സർവ്വീസിന് ഇറക്കാനാണ് എയർഇന്ത്യ എക്സ്പ്രസ്സിൻ്റെ പദ്ധതി.
ജൂൺ മുതൽ ഓഗസ്റ്റ് വരെ യുഎഇയിലെ പല സ്കൂളുകളും വേനലവധിയാണ്. ഈ സമയത്ത് ധാരാളം പ്രവാസി കുടുംബങ്ങൾ സ്വദേശത്തേക്ക് മടങ്ങാൻ സാധ്യതയുണ്ട്. സമ്മർ സീസണിലെ തിരക്കും നിരക്ക് വർധനയും കണക്കിലെടുത്ത് നാട്ടിൽ പോകുന്നവരോട് മൂന്ന് മാസം മുൻപെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യാൻ ട്രാവൽ ഏജൻ്റുമാർ ആവശ്യപ്പെടാറുണ്ട്.