കൊച്ചി: കാത്തിരിപ്പിനൊടുവിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് ട്രെയിൻ. ഇന്നലെ കൊല്ലത്ത് എത്തിയ റേക്ക് കേരളത്തിനുള്ള മൂന്നാമത്തെ വന്ദേഭാരത് സർവ്വീസിന് ഉപയോഗിക്കും എന്നാണ് വിവരം.

ഇക്കാര്യത്തിൽ റെയിൽവേയുടെ ഔദ്യോഗികമായ പ്രഖ്യാപനം വന്നിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാൽ പുതിയ സർവ്വീസുകൾ പ്രഖ്യാപിക്കാനും ഉദ്ഘാടനം നടത്താനും തടസ്സമുണ്ട്. അതിനാൽ സ്പെഷ്യൽ സർവ്വീസായിട്ടാവും ട്രെയിൻ ഓടി തുടങ്ങുക. ഔദ്യോഗിക ഉദ്ഘാടനം പിന്നീടാവും നടക്കുക.
ദക്ഷിണറെയിൽവേയ്ക്ക് അനുവദിച്ച മൂന്ന് പുതിയ വന്ദേഭാരത് ട്രെയിനുകളിലൊന്നാണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ നിന്നും രാവിലെ പുറപ്പെട്ട് ഉച്ചയ്ക്ക് കൊച്ചിയിലെത്തി തിരികെ പോയി രാത്രി ബെംഗളൂരുവിൽ എത്തുന്ന രീതിയിലുള്ള പുതിയ വന്ദേഭാരതിൻ്റെ ഷെഡ്യൂൾ പരിഗണിക്കുന്നത്. എറണാകുളം മാർഷലിംഗ് യാർഡിൽ വന്ദേഭാരത് മെയിൻ്റനൻസിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
