ക്വാലാലംപുർ: മലേഷ്യയിൽ നിന്നും കോഴിക്കോട്ടേക്ക് വിമാനസർവ്വീസ് തുടങ്ങുന്നു. സർവ്വീസിനുള്ള ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ആഗസ്റ്റ് ഒന്നിനാണ് സർവ്വീസ് ആരംഭിക്കുന്നത്. ചൊവ്വ,വ്യാഴം, ശനി ദിവസങ്ങളിൽ കോഴിക്കോട്ടേക്കും ബുധൻ, വെള്ളി,ഞായർ ദിവസങ്ങളിൽ ക്വാലലാംപൂരിലേക്ക് മൂന്ന് സർവ്വീസുകളുമാണ് ഉണ്ടാവുക. ഏയർഏഷ്യയാണ് കോഴിക്കോട് ക്വാലലംപുർ സെക്ടറിൽ സർവ്വീസ് നടത്തുന്നത്.
നിലവിൽ ആദ്യ സർവ്വീസിൽ ക്വാലലംപുരിലേക്ക് പറക്കാൻ ഇരുപത് ശതമാനം ടിക്കറ്റ് നിരക്കിളവ് കമ്പനി നൽകുന്നുണ്ട്. 5500 രൂപയ്ക്ക് ഈ സർവ്വീസിൽ ടിക്കറ്റെടുക്കാം. തിരികെയുള്ള ടിക്കറ്റിന് 5900 രൂപയുമാണ് എയർഏഷ്യ നിശ്ചയിച്ചിട്ടുള്ള നിരക്ക്. ക്വാലലംപൂരിൽ നിന്നും രാത്രി 9.55-ന് പുറപ്പെടുന്ന വിമാനം രാത്രി 11.25-ഓടെ കോഴിക്കോട്ടേക്ക് എത്തും. പുലർച്ചെ 12.10-ന് കോഴിക്കോട് നിന്നും പുറപ്പെട്ട് രാവിലെ ഏഴിന് ക്വാലലംപുരിലെത്തും.
നിലവിൽ ക്വാലലംപുരിൽ നിന്നും കൊച്ചിയിലേക്ക് ദിവസേന രണ്ടും തിരുവനന്തപുരത്തേക്ക് ആഴ്ചയിൽ മൂന്നും സർവ്വീസുകളുണ്ട്. മലേഷ്യയിൽ പഠനം നടത്തുന്ന പ്രവാസി വിദ്യാർത്ഥികളും വ്യവസായികൾക്കും മറ്റു പ്രൊഫഷണലുകൾക്കും വിനോദസഞ്ചാരികൾക്കും പുതിയ സർവ്വീസ് ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യക്കാർക്ക് മലേഷ്യയിൽ സന്ദർശക വിസ സൌജന്യമാക്കിയതോടെ കോഴിക്കോട് നിന്നും പല ടൂറിസ്റ്റ് ഏജൻസികളും കോഴിക്കോട് നിന്നും കുറഞ്ഞ ചിലവിൽ മലേഷ്യയിലേക്ക് ടൂറിസ്റ്റ് പാക്കേജുകളും മറ്റും ആരംഭിച്ചിട്ടുണ്ട്.