ഷാർജ: പുതിയ വാതക ശേഖരം കണ്ടെത്തി ഷാർജ. ഹദീബ ഫിൽഡിലാണ് പുതിയ ഗ്യാസ് നിക്ഷേപം കണ്ടെത്തിയതെന്നാണ് ഷാർജ പെട്രോളിയം കൗൺസിൽ അറിയിക്കുന്നത്.

അൽ സജാ ഫീൽഡിന് വടക്ക് സ്ഥിതി ചെയ്യുന്ന മേഖലയിൽ ഷാർജ നാഷണൽ ഓയിൽ കോർപ്പറേഷൻ നടത്തിയ ഖനനത്തിലാണ് പുതിയ ഗ്യാസ് ശേഖരം കണ്ടെത്തിയതെന്നും ഭാവിയിൽ വലിയ സാമ്പത്തിക നേട്ടം നൽകാൻ ഈ ഗ്യാസ് ശേഖരത്തിന് സാധിക്കുമെന്നാണ് കരുതുന്നതെന്നും ഷാർജ പെട്രോളിയം കൗൺസിൽ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
ഗ്യാസ് ശേഖരത്തിൻ്റെ അളവ് സംബന്ധിച്ചും മറ്റു കാര്യങ്ങളിലും വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുമെന്നും ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളും പഠനവും തുടരുകയാണെന്നും കൗൺസിൽ വ്യക്തമാക്കി. “അൽ-സജാ, കഹിഫ്, മഹനി, മുയയ്ദ്” എന്നിവയ്ക്ക് പുറമെ ഷാർജയിലെ അഞ്ചാമത്തെ എണ്ണപ്പാടമാണ് “ഹദീബ” ഫീൽഡ്.
