യു എ ഇ യിൽ പിക്ക് അപ്പ് വാൻ ഡ്രൈവറായ ഒരു മലയാളി 767 പേരുടെ കാണപ്പെട്ട ദൈവമാണ്. രാപകലില്ലാതെ ഓടുന്നതിനിടയിലും യാതൊരു പരിചയവുമില്ലാത്ത ആളുകൾക്ക് ജോലി വാങ്ങികൊടുക്കാൻ പന്തളം സ്വദേശിയായ സിജുവുണ്ടാവും. സിജു ദുബായിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് 17 വർഷമായി. ഇതിനിടെ 767 പേർക്കാണ് ഈ 42 കാരൻ ജോലി വാങ്ങി കൊടുത്തിട്ടുള്ളത്.
2007 ലാണ് സിജു ആദ്യമായി ഒരാൾക്ക് ജോലി വാങ്ങി കൊടുത്തത്. അന്ന് വെറും 600 ദിർഹം, അതായത് ദിവസവും 20 രൂപ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന സിജു ആരെന്ന് പോലും അറിയാത്ത സലിം എന്ന വ്യക്തിയ്ക്ക് മാസ്സ് സൂപ്പർമാർക്കറ്റിൽ ജോലി വാങ്ങി നൽകി. അങ്ങനെ സ്വീപ്പർ മുതൽ, ഡെൻ്റൽ, നഴ്സിംഗ്, എഞ്ചിനീയർ,ഡോക്ടർമാർ വരെയുള്ള നിരവധി പേർ സിജുവിൻ്റെ സഹായത്തോടെ ഇന്ന് യു എ ഇ യിൽ ജീവിക്കുന്നു.
ജോലി കിട്ടിക്കഴിഞ്ഞാൽ ആദ്യ ശമ്പളത്തിൽ നിന്നും ലഭിക്കുന്ന 20,000 രൂപ കേരളത്തിലെ ഏതെങ്കിലുമൊരു ക്യാൻസർ രോഗിയുടെ ചികിത്സയ്ക്കായി നൽകണം. പണം നൽകിയതിൻ്റെ രസീതും അവരുടെ ഫോൺ നമ്പറും സിജുവിന് കൈമാറുകയും വേണം. ഇത്തരത്തിൽ 16 ലക്ഷത്തോളം രൂപയാണ് സിജു മൂലം കേരളത്തിലെ നിരവധി ക്യാൻസർ രോഗികളിലേക്ക് എത്തിയിട്ടുള്ളത്. അതേസമയം കുറവ് ശമ്പളം ലഭിക്കുന്നവർ ഈ നിബന്ധന പാലിക്കേണ്ടതില്ല. അല്ലെങ്കിൽ, വിശന്നിരിക്കുന്നവർക്ക് നൽകാൻ 100 ബിരിയാണി വാങ്ങി നൽകണം. കൂടാതെ ജോലി ചെയ്യുന്ന കമ്പനിയിലെ ഒഴിവുകളെപറ്റിയും അറിയിക്കണം. ഇത് മാത്രമാണ് സിജു ജോലി വാങ്ങി കൊടുത്ത് കഴിഞ്ഞാൽ ആവശ്യപ്പെടുന്ന കണ്ടീഷനും കമ്മീഷനും.
ആഴ്ചയിൽ രണ്ട് ദിവസം തിരക്കുകൾ മാറ്റി വച്ച് സിജുവിൻ്റെ വണ്ടി യു എ ഇ യിലെ ലേബർ ക്യാമ്പുകളിലേക്ക് പോകും. മാസങ്ങളായി ശമ്പളവും ഭക്ഷണവും മുടങ്ങി കിടക്കുന്ന തൊഴിലാളികൾക്കായുള്ള ആവി പറക്കുന്ന ബിരിയാണിയാണ് വണ്ടിയിലുണ്ടാവുക. സുലു ഗ്യാരേജിലെ പാലക്കാട്ടുകാരനായ ബാബുവേട്ടൻ എല്ലാ ശനിയാഴ്ചകളിലും ഭക്ഷണം ഏൽപ്പിക്കാറുണ്ടെന്നും സിജു പറയുന്നു. തനിക്ക് ലഭിക്കുന്ന വരുമാനത്തിൽ നിന്നും മാറ്റി വയ്ക്കുന്ന ഒരു വിഹിതവും സിജു വിശന്നിരിക്കുന്നവരുടെ വയർ നിറയ്ക്കുന്നതിനായി മാറ്റി വയ്ക്കാറുണ്ട്.
യു എ ഇ യിലുടനീളം സഞ്ചരിച്ചാൽ സിജു വഴി ജോലി നേടിയ ഒരാളെയെങ്കിലും കാണാതിരിക്കില്ല. ദൈവം മനുഷ്യ രൂപത്തിൽ മണ്ണിലേക്കിറങ്ങി വന്നത് പോലെയാണ് അവർക്കെല്ലാം സിജു. 17 വർഷത്തോളം യു എ ഇ യിൽ ജോലി ചെയ്തിട്ട് എന്ത് നേടിയെന്ന് ചോദിച്ചാൽ 767 കുടുംബങ്ങളുടെ പ്രാർത്ഥനയും വിശന്നിരിക്കുന്നവരുടെ വയറു നിറയുമ്പോൾ ലഭിക്കുന്ന പുഞ്ചിരിയും മാത്രമാണെന്ന് സിജു പറയും. ജോലിക്കായി എത്തുന്നവരുടെയും അന്നത്തിനായി കൈ നീട്ടുന്നവരുടെയും മുന്നിൽ സിജുവിൻ്റെ ട്രക്ക് ഇനിയും സഡൻ ബ്രേക്കിടും, തീർച്ച.
ഏൽപ്പർ ജോലി കിട്ടുമോ
Can I get assistance for getting job in uae
Can i get kindergarden teacher job in uae