ജയ്വാൻ ഡെബിറ്റ് കാർഡുകൾ ഘട്ടം ഘട്ടമായി പുറത്തിറക്കാൻ ഒരുങ്ങി യുഎഇയിലെ ബാങ്കുകൾ. ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഖലീജ് ടൈംസാണ് ഇക്കാര്യം പറഞ്ഞത്. വിപണിയിൽ നിലവിലുള്ള 10 ദശലക്ഷത്തിലധികം ഡെബിറ്റ് കാർഡുകൾ അടുത്ത രണ്ടര വർഷത്തിനുള്ളിൽ മാറ്റി കൊടുക്കാനാണ് അധികൃതരുടെ പദ്ധതി.
ഈ വർഷം പകുതിയോടെ ജയ്വാൻ കാർഡുകൾ പുറത്തിറങ്ങുമെന്ന് നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു. യുഎഇയിലെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ജയ്വാൻ കാർഡുകൾ വിതരണം ചെയ്യും.
“ബാങ്കുകൾ ജയവാൻ കാർഡ് പുറത്തിറക്കണം. ഞങ്ങൾക്ക് 10 ദശലക്ഷത്തിലധികം കാർഡുകൾ പ്രചാരത്തിലുണ്ട്, അതിനാൽ ഈ കാർഡുകൾ മാറ്റിസ്ഥാപിക്കാൻ സമയമെടുക്കും…, ”യുഎഇ ബാങ്ക്സ് ഫെഡറേഷൻ (യുബിഎഫ്) ചെയർമാൻ അബ്ദുൽ അസീസ് അൽ ഗുറൈർ ചൊവ്വാഴ്ച ഒരു മാധ്യമ സമ്മേളനത്തിൽ പറഞ്ഞു. രണ്ടര വർഷം കൊണ്ട് ഘട്ടം ഘട്ടമായി പൂർത്തിയാക്കാൻ അവർ സമ്മതിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബാങ്കുകൾക്ക് മറ്റ് ബ്രാൻഡഡ് കാർഡുകൾ നൽകുന്നത് നിർത്താനും പ്രാദേശികമായി ജയവാൻ കാർഡുകൾ വിതരണം ചെയ്യാനുമാകും ഇത്.
“2024 ലെ രണ്ടാം പാദത്തിൽ ഡെബിറ്റ് കാർഡുകൾ ഇഷ്യൂ ചെയ്തു തുടങ്ങാനാണ് ഞങ്ങളുടെ പദ്ധതി. അടുത്ത കുറച്ച് വർഷങ്ങളിൽ, യുഎഇയിലെ തങ്ങളുടെ ഉപഭോക്താക്കൾക്ക് ജയ്വാൻ ഡെബിറ്റ് കാർഡായി നൽകാൻ എല്ലാ ബാങ്കുകളെയും യുഎഇ സെൻട്രൽ ബാങ്ക് നിർബന്ധിക്കും, ”അൽ ഇത്തിഹാദ് പേയ്മെൻ്റ്സിൻ്റെ (എഇപി) ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആൻഡ്രൂ മക്കോർമക്ക് ഖലീജ് ടൈംസിനോട് പറഞ്ഞു. .
മാസ്റ്റർകാർഡ് അല്ലെങ്കിൽ വിസ കാർഡുകൾക്കൊപ്പം ജയ്വാനെ കോ-ബാഡ് ചെയ്യുമെന്നും മക്കോർമാക്ക് പറഞ്ഞു. “യുഎഇയുടെ വലിയൊരു വിഭാഗം ആഗോളതലത്തിൽ സഞ്ചരിക്കുന്നതിനാൽ അതിൽ രണ്ട് ബാഡ്ജുകൾ ഉണ്ടാകും, ഇത് ലോകമെമ്പാടും ജയ്വാൻ കാർഡുകൾ ഉപയോഗിക്കാൻ അവരെ പ്രാപ്തരാക്കും. അതിനാൽ, ജയവാൻ കാർഡിൻ്റെ പ്രാഥമിക ലക്ഷ്യം യുഎഇ, ജിസിസി, ഇന്ത്യ എന്നിവയാണ്. അതിനപ്പുറം, ലോകമെമ്പാടും വ്യാപിപ്പിക്കുന്നതിന് ഞങ്ങൾ കോ-ബാഡ്ജ് പങ്കാളികളായ മാസ്റ്റർകാർഡിനെയും വിസയെയും ആശ്രയിക്കും, ”അദ്ദേഹം പറഞ്ഞു.
“ജയ്വാൻ ഭാവിയിൽ ജിസിസി തലത്തിൽ അംഗീകരിക്കപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, തുടർന്ന് ചൈനയുമായും ഇന്ത്യയുമായും മറ്റ് രാജ്യങ്ങളുമായും രാജ്യങ്ങൾ തമ്മിലുള്ള കരാറുകളിലും ഇതു ഭാഗമാകും” അൽ ഗുറൈർ പറഞ്ഞു.
യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് സംയുക്തമായിട്ടാണ് ജയവാൻ എന്ന പുതിയ പേയ്മെൻ്റ് കാർഡ് പുറത്തിറക്കിയത്. നാഷണൽ പേയ്മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഇന്ത്യയുടെ പേയ്മെൻ്റ് ഗേറ്റ്വേ യൂണിഫൈഡ് പേയ്മെൻ്റ് ഇൻ്റർഫേസും (യുപിഐ) അൽ എത്തിഹാദ് പേയ്മെൻ്റ് നിയന്ത്രിക്കുന്ന യുഎഇ ദേശീയ പേയ്മെൻ്റ് ഗേറ്റ്വേയായ ആനിയും ചേർന്നാണ് കാർഡ് ഇറക്കുന്നത്. ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് പ്രാദേശിക പേയ്മെൻ്റുകൾ ഡിജിറ്റൽ ആയി നടത്താൻ ഈ കാർഡിലൂടെ സാധിക്കും. ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം വർധിക്കുന്നതിനും ഇന്ത്യ – യുഎഇ വാണിജ്യബന്ധം ശക്തിപ്പെടുത്താനും ജയ്വാൻ കാർഡ് സഹായിക്കും എന്നാണ് കരുതുന്നത്.
ഇന്ത്യയിൽ, 2016-ൽ ആരംഭിച്ച യുപിഐയുടെ ഉപയോഗം കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായി വർദ്ധിച്ചിരുന്നു. പ്രതിമാസം ശരാശരി 12 ബില്യൺ ഇടപാടുകൾ വരെ ഇപ്പോൾ യുപിഐ വഴി നടക്കുന്നുണ്ട്. ഇതു കൂടാതെ, ഇതിൻ്റെ മുക്കാൽ ഭാഗവും 500-രൂപയ്ക്ക് താഴെയുള്ള ഇടപാടുകളാണ്. ജയ്വാനിലൂടെ ആഗോളതലത്തിൽ സാന്നിധ്യമറിയിക്കാനാണ് യുപിഐ ലക്ഷ്യമിടുന്നത്.
എമിറേറ്റ്സ് ഐഡിയുള്ള ഏതൊരു താമസക്കാരനും കാർഡിന് അപേക്ഷിക്കാം. ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് യുഎഇയിൽ ഇടപാട് നടത്താൻ അവരുടെ യുപിഐ ഐഡി ഉപയോഗിക്കാം. ജയ്വാൻ/യുപിഐ ഐഡി ഉപയോഗിച്ച് വ്യക്തികൾക്ക് തുകകൾ പരസ്പരം കൈമാറാനാകും. ഇന്ത്യ സന്ദർശിക്കുന്ന യുഎഇ പൗരന്മാർക്കും അവരുടെ പ്രാദേശിക ഇടപാടുകൾക്കായി കാർഡ് ഉപയോഗിക്കാം. ഇത് വ്യാപാര ഇടപാടുകൾ ലളിതമാക്കുകയും വേഗത്തിലാക്കുകയും ചെയ്യും. യുഎഇയിലെ എട്ട് വാണിജ്യ ബാങ്കുകൾ വഴി കാർഡ് പുറത്തിറക്കും. നിലവിൽ യുഎഇയിലെ ഓരോ ഇടപാടിനും 50,000 ദിർഹത്തിൻ്റെ പരിധിയാണ് ആനി ചുമത്തുന്നത്.