അബുദാബി: യുഎഇയെ ഒമാനുമായി ബന്ധിപ്പിക്കുന്ന റെയിൽലൈൻ പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമായി. ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബദാല ഇൻവെസ്റ്റ്മെൻ്റ് കമ്പനി എന്നിവ ചേർന്നാണ് ഒമാനി-എമിറാത്തി റെയിൽവേ ശൃംഖല പദ്ധതിയുടെ നിർമാണം ആരംഭിക്കാൻ കരാറിൽ ഒപ്പിട്ടത്.ഒമാൻ സുൽത്താൻ സുൽത്താൻ ഹൈതം ബിൻ താരിക്കിൻ്റെ യുഎഇ സന്ദർശനത്തിനിടെയാണ് കരാർ ഒപ്പിട്ടത്. ട്രൈസ്റ്റാർ എഞ്ചിനീയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ, നാഷണൽ ഇൻഫ്രാസ്ട്രക്ചർ കൺസ്ട്രക്ഷൻ കമ്പനി എന്നിവയും ഈ സഖ്യത്തിൽ ഉൾപ്പെടും.
3 ബില്യൺ യുഎസ് ഡോളർ നിക്ഷേപം ആവശ്യമുള്ള സംയുക്ത റെയിൽവേ ശൃംഖല, യുഎഇയെയും ഒമാനെയും പ്രാദേശിക വിപണികളെ ബന്ധിപ്പിക്കുന്തചതിൽ നിർണായക പങ്കുവഹിക്കും. ഇരു രാജ്യങ്ങളിലെയും വിവിധ മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ റെയിൽ ശൃംഖല വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുമ്പ് ഒമാൻ-ഇത്തിഹാദ് റെയിൽ കമ്പനിയായിരുന്ന ഈ സംയുക്ത സംരംഭം ഇനി ഹഫീത് റെയിൽ എന്നാവും അറിയപ്പെടുക.
പർവതങ്ങൾ, മരുഭൂമികൾ, അതുല്യമായ ചുണ്ണാമ്പുകൽ പ്രദേശങ്ങൾ എന്നിങ്ങനെ സങ്കീർണമായ ഭൂപ്രകൃതിയിലൂടെയാണ് റെയിൽവേ ലൈൻ കടന്നു പോകുന്നത്. വാണിജ്യ തുറമുഖങ്ങളെ ഇരു രാജ്യങ്ങളിലെയും റെയിൽവേയുമായി ബന്ധിപ്പിക്കുന്ന ഈ ശൃംഖല അതിർത്തി കടന്നുള്ള വ്യാപാരം സുഗമമാക്കും. ഏകദേശം 270 സാധാരണ കണ്ടെയ്നറുകൾ ട്രെയിനിൽ കൊണ്ടു പോകാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 15,000 ടണ്ണിലധികം ചരക്ക് ഇങ്ങനെ കൊണ്ടുപോകാം.
ഖനനം, ഇരുമ്പ്, ഉരുക്ക്, കൃഷി, ഭക്ഷണം, റീട്ടെയിൽ, ഇ-കൊമേഴ്സ്, പെട്രോകെമിക്കൽ മേഖല തുടങ്ങി ഇരു രാജ്യങ്ങളിലെയും വിവിധ മേഖലകളുടെ വികസനത്തിന് ഹഫീത് റെയിൽ സംഭാവന നൽകും. പാസഞ്ചർ റെയിൽ സർവീസുകൾ ഇരുരാജ്യങ്ങളിലേയും പൗരൻമാർക്കും വിദേശികൾക്കും ഗുണം ചെയ്യും. ടൂറിസം രംഗത്തും വലിയ മാറ്റമായിരിക്കും റെയിൽവേ ലൈൻ കൊണ്ടു വരിക എന്നാണ് പ്രതീക്ഷ.
മണിക്കൂറിൽ 200 കി.മീ വേഗതയിൽ വരെ സഞ്ചരിക്കുന്ന പാസഞ്ചർ ട്രെയിനുകളാവും ഇവിടെ സർവ്വീസ് നടത്തുക. ഒമാനിലെ സോഹാറിനും അബുദാബിക്കും ഇടയിലുള്ള ദൂരം 100 മിനിറ്റിലും സോഹാറിനും അൽഐനും ഇടയിൽ 47 മിനിറ്റിലും. ട്രെയിൻ സർവ്വീസ് നടത്തും. ഒരു ട്രെയിനിൽ 400 പേർക്ക് യാത്ര ചെയ്യാം.