തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നീണ്ട കാലത്തിന് ശേഷമാണ് സംസ്ഥാനത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മഴ ശനിയാഴ്ച വരെ തുടരുമെന്നാണ് പ്രവചനം. കനത്ത മഴയ്ക്ക് പിന്നാലെ സംസ്ഥാനത്ത് അനുഭവപ്പെട്ടിരുന്ന കൊടുംചൂടിൽ കുറവുണ്ടായി. ഏറെ നാളായി ചൂടിൽ വലയുന്ന മലബാറിലെ ജില്ലകളിൽ മഴ ജനങ്ങൾക്ക് വലിയ ആശ്വാസമായി. മലയോര മേഖലയിലും ഇടനാടുകളിലും മഴ ശക്തമാകും. ഇടിയോട് കൂടിയുള്ള മഴയ്ക്കാണ് സാധ്യത.
നാളെ മെയ് 15ന് തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും മെയ് 16ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മെയ് 17ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 18ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.
കോമറിന് തീരത്തായി രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് കേരളത്തിലെ മഴയ്ക്ക് കാരണമെന്നാണ് റിപ്പോർട്ട്. അതേസമയം ഞായറാഴ്ചയോടെ തെക്കൻ ആൻഡമാൻ കടലിലേക്കും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലേക്കും കാലവർഷം എത്തിച്ചേരും എന്നാണ് പ്രവചനം. അവിടെ നിന്നും ശ്രീലങ്കയിലേക്കും മാലിദ്വീപിലേക്കും ശേഷം ലക്ഷദ്വീപിലേക്കും ഒടുവിൽ കേരളത്തിലേക്കും കാലവർഷം എത്തിച്ചേരും.
അതേസമയം കനത്ത മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കേരള തീരത്തും, ലക്ഷദ്വീപ് മേഖലയിലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണ്ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറഞ്ഞു.
14.05.2024: മാലിദ്വീപ് പ്രദേശം, കന്യാകുമാരിതീരം അതിനോട് ചേർന്ന ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.