മസ്കറ്റ്: ഒമാനിൽ സാന്നിധ്യം വിപുലീകരിച്ച് ലുലു ഗ്രൂപ്പ്. ഒമാനിലെ 30-ാമത് സ്റ്റോർ അൽ അൻസാബിൽ ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ഷെയ്ഖ് ഫൈസൽ അബ്ദുല്ല അൽ-റവാസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു ഒമാനിലെ ഇന്ത്യൻ അംബാസഡർ ബ്രിജി ജമാലും ചടങ്ങിൽ പങ്കെടുത്തു.
റോയൽ ഒമാൻ പോലീസ് (ROP) ഫിനാൻഷ്യൽ അഫയേഴ്സ് ഡയറക്ടർ ജനറൽ സയീദ് അൽ തായ്, ROP-യിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ, ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫ് അലി എം.എ തുടങ്ങി നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങിലുണ്ടായിരുന്നു. നിക്ഷേപകർക്ക് ആകർഷകമായ രാജ്യമായി മാറാനുള്ള ഒമാൻ്റെ ശ്രമങ്ങളും നിലവിലുള്ള അനുകൂലമായ നിക്ഷേപ അന്തരീക്ഷത്തെക്കുറിച്ചും ഷെയ്ഖ് ഫൈസൽ അബ്ദുല്ല അൽ-റവാസ് ഊന്നിപ്പറഞ്ഞു. ഒമാനിൽ കൂടുതൽ നിക്ഷേപം നടത്താൻ അദ്ദേഹം ലുലു ഗ്രൂപ്പിനെ സ്വാഗതം ചെയ്യുകയും ചെയ്തു. ചടങ്ങിൽ അൽ ഘോർഫ മാഗസിൻ്റെ ഏറ്റവും പുതിയ പതിപ്പിൻ്റെ ഒരു കോപ്പി ഹിസ് എക്സലൻസി യൂസഫ് അലി എം.എക്ക് സമ്മാനിച്ചു.
ബാങ്കുകൾ, മണി എക്സ്ചേഞ്ചുകൾ, എടിഎമ്മുകൾ, കോഫി ഷോപ്പുകൾ, റെസ്റ്റോറൻ്റുകൾ, ഫിറ്റ്നസ് സെൻ്റർ, ഫാർമസി, പെർഫ്യൂം ഷോപ്പുകൾ, ഫൻ്റാസ്മോ ചിൽഡ്രൻസ് അമ്യൂസ്മെൻ്റ് സെൻ്റർ, ഒപ്റ്റിക്കൽ സെൻ്റർ, മറ്റ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന ബ്രാൻഡുകളുടെ മികച്ച സെലക്ഷനും ലുലു അൽ അൻസബ് സ്റ്റോറിലുണ്ടാവും.
ഒമാനിൽ ഒരു സ്ഥാപനം കൂടി തുറക്കാൻ സാധിച്ചതിൽ ലുലു ഗ്രൂപ്പിന് സന്തോഷമുണ്ടെന്നും ഇതിനവസരം നൽകിയ ഒമാൻ ഭരണകൂടത്തിന് നന്ദി അറിയിക്കുന്നതായും ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി പറഞ്ഞു. നഗരകേന്ദ്രങ്ങളിൽ മാത്രമല്ല നഗരപ്രാന്തപ്രദേശങ്ങളിലും മറ്റു പട്ടങ്ങളിലും ലുലു ഗ്രൂപ്പ് സാന്നിധ്യം വർധിപ്പിക്കുകയാണെന്നും ലോകോത്തര ഷോപ്പിംഗ് അനുഭവം ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
“നിലവിൽ, രാജ്യത്തെമ്പാടുമുള്ള ലുലു ഹൈപ്പർമാർക്കറ്റുകളിലുമായി 3,000-ലധികം ഒമാനി പൗരന്മാരെ നിയമിച്ചിട്ടുണ്ട്. ഇതിൽ പകുതിയോളം സ്ത്രീകളാണ് 300ഓളം പൗരന്മാർക്ക് പാർട്ട് ടൈം ജോലിയും നൽകിയിട്ടുണ്ട്. ഞങ്ങളുടെ തൊഴിൽ ശക്തിയിൽ കൂടുതൽ യുവാക്കളെ പ്രോത്സാഹിപ്പിക്കുക, അതുവഴി കൂടുതൽ സാമ്പത്തിക പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം അദ്ദേഹം പറഞ്ഞു.
“രണ്ടു വർഷത്തിനുള്ളിൽ നാല് പുതിയ ഹൈപ്പർമാർക്കറ്റുകൾ കൂടി ലുലു ഒമാനിൽ തുറക്കുമെന്നും, ഇതിലൂടെ സ്വദേശി യുവാക്കൾക്ക് കൂടുതൽ തൊഴിലവസരം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇതുകൂടാതെ, അടുത്ത വർഷത്തോടെ വരാനിരിക്കുന്ന ഖാസെൻ ഇക്കണോമിക് സിറ്റിയിൽ പഴങ്ങൾക്കും പച്ചക്കറികൾക്കുമുള്ള അത്യാധുനിക സംഭരണവിൽപന കേന്ദ്രം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലുലു എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി എം.എ, ലുലു ഒമാൻ ഡയറക്ടർ അനന്ത് എ.വി, ഷബീർ കെ.എ, ലുലു ഒമാൻ റീജണൽ ഡയറക്ടർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.