തിരുവനന്തപുരം: അപ്രതീക്ഷതമായി തുടങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ്സിലെ ജീവനക്കാരുടെ മിന്നൽ സമരം മൂന്ന് ദിവസം കൊണ്ട് പിൻവലിച്ചെങ്കിലും വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതോടെ പ്രതിസന്ധിയിലായത് നൂറുകണക്കിന് മനുഷ്യരാണ്. പലരും വിസ പ്രശ്നവും മറ്റു നേരിട്ടപ്പോൾ ആരോഗ്യപരമായ കാരണങ്ങളാലും വ്യക്തിപരമായ മറ്റു അടിയന്തര ആവശ്യങ്ങൾക്കുമായി തിരക്കിട്ട് യാത്ര ചെയ്യേണ്ടി വന്നവരും പ്രതിസന്ധിയിലായി. ഈ കൂട്ടത്തിൽ പല മാധ്യമങ്ങളും വാർത്തയാക്കിയ സംഭവമായിരുന്നു തിരുവനന്തപുരം സ്വദേശിനി അമൃതയുടേത്.
അമൃതയുടെ ഭർത്താവും ഒമാനിൽ പ്രവാസിയുമായ രാജേഷ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരുന്നു. താമസസ്ഥലത്ത് വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് രാജേഷിനെ സുഹൃത്തുകൾ ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിവരമറിഞ്ഞതോടെ നാട്ടിലുണ്ടായിരുന്ന ഭാര്യ അമൃത വിവിധ ട്രാവൽ ഏജൻസികളെ സമീപിച്ചെങ്കിലും അവസാന നിമിഷം ടിക്കറ്റില്ലാത്ത അവസ്ഥയായിരുന്നു.
ഒടുവിൽ ഒരു ട്രാവൽ ഏജൻസി വഴി തിരുവനന്തപുരത്ത് നിന്നും അടുത്ത ദിവസം രാവിലെയുള്ള എയർഇന്ത്യ എക്സ്പ്രസ്സിൽ ടിക്കറ്റ് ബുക്ക് ചെയ്തു. രാവിലെ എട്ടരയ്ക്കുള്ള വിമാനത്തിൽ പോകാനായി അമൃതയും അമ്മയും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയെങ്കിലും തലേന്ന് അർധരാത്രി തുടങ്ങിയ മിന്നൽ സമരത്തിൻ്റെ ഭാഗമായി വിമാനം റദ്ദാക്കിയിരുന്നു. ഇതോടെ ആകെ തകർന്ന അമൃതയും അമ്മയും നിറക്കണ്ണുകളുമായി മാധ്യമങ്ങൾക്ക് മുന്നിലെത്തി.
പ്രശ്നത്തിന് പരിഹാരം കാണാതെ മടങ്ങില്ലെന്ന് വാശിപിടിച്ച ഇവർക്ക് അടുത്ത ദിവസത്തേക്ക് എയർഇന്ത്യ എക്സ്പ്രസ്സ് അധികൃതർ ടിക്കറ്റ് നൽകി. അടുത്ത ദിവസം ഇവർ വീണ്ടും വിമാനത്താവളത്തിലേക്ക് എത്തിയെങ്കിലും ആ വിമാനവും റദ്ദാക്കി. ടിക്കറ്റ് ക്യാൻസൽ ചെയ്ത് പണം മടക്കി നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടെങ്കിലും അതിന് മൂന്ന് ദിവസമെങ്കിലും സമയം വേണ്ടി വരുമെന്നായിരുന്നു കമ്പനിയുടെ നിലപാടാണ്. ഇതോടെ വലിയ തുക മുടക്കി ടിക്കറ്റ് ബുക്ക് ചെയ്ത അമൃതയ്ക്കും അമ്മയ്ക്കും റീഫണ്ട് കിട്ടാതെ മറ്റൊരു വിമാനം ബുക്ക് ചെയ്യാൻ പറ്റാത്ത അവസ്ഥയായി.
ഈ ദിവസങ്ങളിലത്രയും സുഹൃത്തുകളാണ് രാജേഷിനൊപ്പം ആശുപത്രിയിൽ തുണയായി നിന്നത്. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജേഷിന് അതിനോടകം ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. ദിവസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം രാജേഷിനെ ശനിയാഴ്ച ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തു. തുടർപരിശോധനകൾക്കും വിശ്രമത്തിനുമായി എത്രയും പെട്ടെന്ന് നാട്ടിലേക്ക് തിരിച്ചു വരുകയാണെന്ന് രാജേഷ് അറിയിച്ചതോടെ ഒമാനിലേക്ക് പോകേണ്ടെന്ന് അമൃതയും തീരുമാനിച്ചു.
ഇന്നലെ രാത്രിയും ഇരുവരും ഫോണിൽ സംസാരിച്ചിരുന്നു. ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദിച്ചപ്പോൾ ഇപ്പോൾ കുഴപ്പമൊന്നുമില്ലെന്നായിരുന്നു രാജേഷിൻ്റെ മറുപടി. അമൃതയുമായി ഫോണിൽ സംസാരിച്ചു കിടന്ന രാജേഷിന് ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായി. ഫ്ളാറ്റിൽ മരിച്ചു കിടക്കുന്ന നിലയിലാണ് സുഹൃത്തുകൾ പിന്നെ രാജേഷിനെ കണ്ടത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി രാജേഷിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുകൾ. അപ്പോഴും ജീവനോടെ ഒരു നോക്ക് ഭർത്താവിനെ കാണാനുള്ള അമൃതയുടെ അവസരം ഇല്ലാതാക്കിയതിന് ആരു മറുപടി പറയുമെന്ന് അറിയില്ല.
തിരുവനന്തപുരം കരമന സ്വദേശിയായ രാജേഷ് എന്ന നമ്പി രാജേഷ് മസ്കറ്റിലെ ഇന്ത്യൻ സ്കൂളിൽ അധ്യപകനായിരുന്നു. അമൃതയുടെ അച്ഛൻ രവി മസ്കറ്റിലാണ് ജോലി ചെയ്യുന്നതെങ്കിലും അദ്ദേഹം ഇപ്പോൾ ദുബായിലാണ്. അമൃതയ്ക്കൊപ്പം അമ്മ ചിത്ര ചിത്രയും മസ്കറ്റിലേക്ക് പോകാൻ ഒരുങ്ങിയിരുന്നു. രാജേഷിൻ്േയും അമൃതയുടേയും മക്കളായ അഞ്ചു വയസ്സുകാരി അനിഘയേയും മൂന്ന് വയസ്സുകാരൻ നമ്പി ശൈലേഷിനേയും ചിത്രയുടെ അമ്മ തങ്കത്തേയും മറ്റു ബന്ധുക്കളേയും ഏൽപിച്ചാണ് ഇവർ ഒമാനിലേക്ക് പോകാൻ ഇറങ്ങിയത്. പി.ആർ.എസ് നഴ്സിംഗ് കോളേജിൽ ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥിനിയാണ് അമൃത. മെയ് ഒൻപതിന് രണ്ടാം വർഷ പരീക്ഷതുടങ്ങാനിരിക്കെയാണ് അമൃതയ്ക്ക് ഭർത്താവിന് അടുത്തേക്ക് പോകേണ്ടി വന്നത്.