ബെംഗളൂരു: മെട്രോ നഗരമായ ബെംഗളൂരുവിലെ നൈറ്റ് ലൈഫ് സജീവമാക്കാൻ കർണാടക സർക്കാർ. ബെംഗളൂരു കോർപ്പറേഷനിലേയും സമീപത്തെ പത്ത് നഗരസഭകളിലും വ്യാപാര സ്ഥാപനങ്ങൾക്ക് രാത്രി ഒരു മണി വരെ തുറന്ന് പ്രവർത്തിക്കാൻ അനുമതി കൊടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
അർധരാത്രി കഴിഞ്ഞും വ്യാപാരം നടത്താൻ അനുമതി വേണമെന്ന ഹോട്ടലുമടകൾ അടക്കം വിവിധ വ്യാപാര സംഘടനകളുടെ അപേക്ഷ അംഗീകരിച്ചാണ് സർക്കാരിൻ്റെ ഈ തീരുമാനം. കർണാടക ബജറ്റ് അവതരണത്തിനിടെയാണ് ഇക്കാര്യം സിദ്ധരാമയ്യ പ്രഖ്യാപിച്ചത്. ബിസിനസ് സമയം ദീർഘിപ്പിക്കുന്ന വഴി കൂടുതൽ വ്യാപാരം നടക്കാൻ വഴി തുറക്കുമെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.
കർണാടക ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ
- ക്ഷേമപദ്ധതികൾക്കായി 1.20 ലക്ഷം കോടി വകയിരുത്തി
- അഞ്ച് ക്ഷേമപദ്ധതികളിലൂടെ അടുത്ത സാമ്പത്തിക വർഷത്തിൽ ജനങ്ങളുടെ കൈയിലെത്തുക 52000 കോടി
- വീട്ടമ്മമാർക്ക് രണ്ടായിരം രൂപ വീതം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിക്കായി 11726 കോടി വകയിരുത്തി
- മദ്യനികുതിയിൽ വർധന – ഇന്ത്യൻ നിർമ്മിത മദ്യത്തിനും ബീറിനും വില കൂടും
- മുതിർന്ന പൗരൻമാർക്ക് അന്നധാന്യങ്ങൾ വീട്ടിൽ എത്തിച്ചു കൊടുക്കും, ഇതിനായി പ്രത്യേക ആപ്പ് വരും