ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയെ അന്താരാഷ്ട്ര തലത്തിലെ പ്രമുഖ ടൂറിസം – വാണിജ്യ കേന്ദ്രമാക്കി മാറ്റിയ കോം മക്ലോഗ്ഗിൻ വിരമിക്കുന്നു. 2024 മെയ് 31-ഓടെ ഔദ്യോഗിക പദവികളിൽ നിന്നും താൻ വിരമിക്കുകയാണെന്ന് ദുബായ് ഡ്യൂട്ടി ഫ്രീ എക്സിക്യൂട്ടീവ് വൈസ് ചെയർമാനും സിഇഒയുമായ കോം മക്ലോഗ്ലിൻ അറിയിച്ചു.

ട്രാവൽ റീട്ടെയിൽ വ്യവസായത്തിൽ 55 വർഷവും ദുബായ് ഡ്യൂട്ടി ഫ്രീയുടെ തലപ്പത്ത് 41 വർഷവും സജീവമായി പ്രവർത്തിച്ച ശേഷമാണ് അദ്ദേഹത്തിൻ്റെ പടിയിറക്കം. സ്ഥാപനത്തിൻ്റെ ദൈനംദിന പ്രവർത്തനങ്ങളിൽ നിന്നും മാറുമെങ്കിലും ഉപദേശക റോളിൽ അദ്ദേഹം തുടരും. ദുബായ് ഡ്യൂട്ടി ഫ്രീ ഫൗണ്ടേഷൻ ചെയർമാൻ സ്ഥാനവും നിലനിർത്തും.
മക്ലോഗ്ലിൻ പടിയറങ്ങുന്നതോടെ 2024 ജൂൺ 1 മുതൽ, ദുബായ് ഡ്യൂട്ടി ഫ്രീയുടെ നിലവിലെ സിഒഒ രമേഷ് സിഡംബി മാനേജിംഗ് ഡയറക്ടറാകും, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡൻ്റും ദുബായ് ഡ്യൂട്ടി ഫ്രീ ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂമിനെ കീഴിലാവും അദ്ദേഹത്തിൻ്റെ പ്രവർത്തനം. നിലവിലെ ജോയിൻ്റ് സിഒഒ സലാഹ് തഹ്ലക്ക് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറാകും.
തികഞ്ഞ സന്തോഷത്തോടെയാണ് ഈ പടിയിറക്കം. ഇത്രയും കാലം എന്നെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്ത് ദുബായ് ഡ്യൂട്ടി ഫ്രീ മാനേജ്മെൻ്റിനും ജീവനക്കാർക്കും എൻ്റെ ആത്മാർത്ഥമായ നന്ദി അറിയിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സയീദിനോട് പ്രത്യേകം നന്ദി പറയുന്നു. അൽ മക്തൂം, ഈ വർഷങ്ങളിലെല്ലാം എനിക്ക് ഒരു മികച്ച ബോസ് ആയിരുന്നു. എൻ്റെ പിൻഗാമിക്കും അതേ പിന്തുണ കിട്ടുമെന്ന് എനിക്ക് ഉറപ്പുണ്ട്. ദുബൈ ഡ്യൂട്ടി ഫ്രീയുടെ വിജയത്തിൽ ഇവിടുത്തെ പരിചയ സമ്പന്നരായ ജീവനക്കാർ ഒരു വലിയ ഘടകമാണ്, രമേശും സലായും ഇതിന് മികച്ച ഉദാഹരണങ്ങളാണ് ദുബായ് ഡ്യൂട്ടി ഫ്രീ തുടർന്നും വളരുമെന്നും മികച്ചൊരു ഭാവിയുണ്ടെന്നും മക്ലോഗ്ലിൻ കൂട്ടിച്ചേർത്തു.
1987-ലാണ് രമേഷ് സിഡംബി ദുബായ് ഡ്യൂട്ടി ഫ്രീയിൽ ചേരുന്നത്. ജോർജ്ജ് ഹൊറാൻ വിരമിച്ചതിനെത്തുടർന്ന് 2016-ൽ സി.ഒ.ഒ.യുടെ റോളിലേക്ക് മാറിയ അദ്ദേഹം, കമ്പനിയുടെ പ്രവർത്തനങ്ങൾക്കും നേരിട്ട് മേൽനോട്ടം വഹിക്കുന്നയാളാണ്. ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലെയും അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ടിലെയും പ്രധാന റീട്ടെയിൽ പദ്ധതികളുടെ മേൽനോട്ടവും അദ്ദേഹത്തിനാണ്.
ഈ നിയമനത്തിന് ഞങ്ങളുടെ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂമിനോടും ഞങ്ങളുടെ എക്സിക്യൂട്ടീവ് വൈസ് ചെയർമാനും സിഇഒയുമായ കോൾ മക്ലോഫ്ലിനും നന്ദി അറിയിക്കാൻ ആഗ്രഹിക്കുന്നു. കോം ഞങ്ങളുടെ വ്യവസായത്തിലെ ഒരു ഇതിഹാസ വ്യക്തിയാണ്. എനിക്കും ഞങ്ങളുടെ മുഴുവൻ ടീമിനും മികച്ച മാതൃകയാണ് അദ്ദേഹം.. സിദാംബി കൂട്ടിച്ചേർത്തു.
1983-ൽ പുതിയ ഡ്യൂട്ടി ഫ്രീ സർവ്വീസ് ആരംഭിക്കാൻ ദുബായ് ഗവൺമെൻ്റ് കരാർ നൽകിയ കൺസൾട്ടൻസി ടീമിലെ അംഗമായിരുന്നു കോം മക്ലൗഗ്ലിൻ. അന്നത്തെ ഡയറക്ടർ ജനറലായിരുന്ന മോഹി-ദിൻ ബിൻഹെന്ദിക്ക് കീഴിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രവർത്തനം. പിന്നീട് കോം കൺസൽട്ടൻസി സ്ഥാപനം വിട്ട് ദുബായ് ഡ്യൂട്ടി ഫ്രീയിൽ ജനറൽ മാനേജരായി ചേർന്നു. 2011-ൽ മാനേജിംഗ് ഡയറക്ടറായി. കോം പിന്നീട് ദുബായ് ഡ്യൂട്ടി ഫ്രീയുടെയും അതിൻ്റെ അനുബന്ധ ബിസിനസുകളുടെയും എക്സിക്യൂട്ടീവ് വൈസ് ചെയർമാനും സിഇഒയും ആയി തിരഞ്ഞെടുക്കപ്പെട്ടു, അതിൽ ദി ഐറിഷ് വില്ലേജ് റെസ്റ്റോറൻ്റുകൾ, ദി സെഞ്ച്വറി വില്ലേജ്, ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് സ്റ്റേഡിയം, ജുമൈറ ക്രീക്ക്സൈഡ് ഹോട്ടൽ എന്നിവ ഉൾപ്പെടുന്നു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ, ദുബായ് ഡ്യൂട്ടി ഫ്രീ കഴിഞ്ഞ 40 വർഷത്തിൽ 20 ദശലക്ഷം ഡോളറിൽ നിന്ന് (1984) 2.16 ബില്യൺ ഡോളറായി (2023) മൂല്യമുള്ള സ്ഥാപനമായി വളരുകയും ചെയ്തു.
