ന്യൂഡൽഹി: സിഎഎ നിയമപ്രകാരം ഇതാദ്യമായി അഭയാർത്ഥികൾക്ക് പൗരത്വം അനുവദിച്ച് കേന്ദ്രസർക്കാർ. ഭരണകൂടങ്ങളിൽ നിന്നുള്ള പീഡനത്തെ തുടർന്ന് ഇന്ത്യയിൽ അഭയം പ്രാപിച്ച മുസ്ലീം ഇതരമതവിശ്വാസികൾക്ക് പൗരത്വം അനുവദിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് സിഎഎ ചട്ടം.
അമുസ്ലിം കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ള നടപടികൾ ആരംഭിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ച് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് ഇപ്പോൾ പൗരത്വം അനുവദിച്ചത്. സിഎഎ പ്രകാരം അപേക്ഷ നൽകിയ 14 പേർക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല ഇന്ന് ദില്ലിയിൽ പൗരത്വരേഖകൾ കൈമാറി.
പാകിസ്ഥാനിൽ നിന്ന് പീഡിപ്പിക്കപ്പെടുന്ന , പൗരത്വ (ഭേദഗതി) നിയമം അല്ലെങ്കിൽ സിഎഎ പ്രകാരം 14 പേർക്ക് പൗരത്വ സർട്ടിഫിക്കറ്റിൻ്റെ ആദ്യ സെറ്റ് ഇന്ന് വിതരണം ചെയ്തു. ഡയറക്ടർ (ഐബി), രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 2014 ഡിസംബർ 31 ന് മുമ്പ് ഇന്ത്യയിലെത്തിയ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള രേഖകളില്ലാത്ത മുസ്ലിം ഇതര കുടിയേറ്റക്കാർക്കാണ് പൗരത്വത്തിന് യോഗ്യത. സിഎഎ പ്രകാരം, പൗരത്വ അപേക്ഷയുടെ യോഗ്യതാ കാലയളവ് 11 ൽ നിന്ന് 5 വർഷമായി കുറച്ചിരുന്നു.
ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് പീഡിപ്പിക്കപ്പെടുന്ന മുസ്ലീം ഇതര കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്ന സിഎഎ 2019 ഡിസംബറിലാണ് നിലവിൽ വന്നത്. ഹിന്ദുക്കൾ, സിഖ്, ജൈനർ, ബുദ്ധമതക്കാർ, പാഴ്സികൾ, ക്രിസ്ത്യാനികൾ എന്നീ മതവിഭാഗത്തിലുള്ള അയൽരാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ അഭയം പ്രാപിച്ചവർക്ക് പൗരത്വം നൽകാൻ നിയമം അനുമതി നൽകുന്നു. നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചെങ്കിലും നാല് വർഷത്തിന് ശേഷം ഈ വർഷം മാർച്ച് 11 ന് മാത്രമാണ് ഇന്ത്യൻ പൗരത്വം അനുവദിച്ച നിയമം നിലവിൽ വന്നത്.