തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്ന് ഉച്ചയ്ക്ക് കേന്ദ്രകാലാവസ്ഥ വകുപ്പ് പുറത്തു വിട്ട പുതുക്കിയ മഴ അറിയിപ്പിലാണ് കനത്ത മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നത്. അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പാണ് ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയത്.
മെയ് 20 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും ഓറഞ്ചും അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 20 തിങ്കളാഴ്ച പത്തനംതിട്ടയിലും ഇടുക്കിയിലും അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ബാക്കി പന്ത്രണ്ട് ജില്ലകളിലും അന്ന് യെല്ലോ അലർട്ടുണ്ടാവും.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂര്‍ എന്നീ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ പ്രവചനം ശരിവച്ചു കൊണ്ട് തിരുവനന്തപുരം ജില്ലയിൽ ഇന്നു കനത്ത മഴയാണ് പെയ്തതും. നഗരമേഖലകളിൽ പലയിടത്തും ഇതുകാരണം വെള്ളക്കെട്ടുണ്ടായി. അരുവിക്കര ഡാമിൻ്റെ ഷട്ടറുകളും തുറന്നു. നാളെ എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
ശനിയാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. അതേ ദിവസം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് മഞ്ഞഅലർട്ടായിരിക്കും.
മെയ് 18ന് പാലക്കാടും മലപ്പുറത്തും അതിശക്തമായ മഴക്ക് സാധ്യതയുള്ള ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മെയ് 19ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും ശക്തമായ മഴയുണ്ടാകും. കോമറിന് തീരത്ത്, തമിഴ് നാട് തീരത്തോട് ചേർന്ന് ഒരു ചക്രവാത ചുഴി നിലനിൽക്കുന്നു. ഇതിനാല്‍ തന്നെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ തെക്കൻ കേരളാ തീരത്ത് മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ ജില്ലകളില്‍ അതിശക്തമായ മഴക്കുള്ള ഓറഞ്ച് അലര്‍ട്ടും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ള യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മെയ് 19 ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടായിരിക്കും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും.
മെയ് ഇരുപത് തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടുമായിരിക്കും.