ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് 125 സീറ്റിൽ ജയിക്കാനായാൽ ഭരണം ഉറപ്പിക്കാനാവുമെന്ന് തെലങ്കാന മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ രേവന്ത് റെഡ്ഡി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
“സർക്കാർ രൂപീകരിക്കാൻ ഇന്ത്യാ ബ്ലോക്ക് ഉണ്ട്; അതുകൊണ്ടാണ് ഞങ്ങൾ തിരഞ്ഞെടുപ്പിന് മുൻപേ സഖ്യം പ്രഖ്യാപിച്ചത്. ഇക്കുറി കോൺഗ്രസ് 330 – 340 സീറ്റുകളിലാണ് മത്സരിക്കുന്നത്. മറ്റു സീറ്റുകളിൽ ഞങ്ങളുടെ പിന്തുണയോടെ സഖ്യകക്ഷികളും. എൻഡിഎയിൽ അംഗബലമുള്ള കക്ഷികൾ ഇല്ലാത്ത സാഹചര്യത്തിൽ ബിജെപിക്ക് സർക്കാർ രൂപീകരിക്കണമെങ്കിൽ 250-ലധികം സീറ്റുകൾ വേണം.
എന്നാൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ കോൺഗ്രസ് പാർട്ടിക്ക് 125 മതിയാകും. മറ്റുള്ള സീറ്റുകളിൽ ശക്തരായ സഖ്യകക്ഷികൾ മത്സരത്തിനുണ്ട്. അവരോടൊപ്പം ചേർന്ന് ഇന്ത്യമുന്നണിയുടെ സർക്കാർ അധികാരത്തിൽ വരും. നാന്നൂറ് സീറ്റുകൾ എന്നെല്ലാം അവർ (ബിജെപി) അവകാശവാദം ഉന്നയിക്കുന്നുണ്ട്. എന്നാൽ ബിജെപിക്ക് അനുകൂലമായ യാതൊരു തരംഗവും ഈ തെരഞ്ഞെടുപ്പിൽ, കൂടുതൽ സീറ്റുകൾ നേടാൻ ശക്തരായ സഖ്യകക്ഷികളും അവർക്കില്ല.
ഭരണഘടന തന്നെ മാറ്റിയെഴുതാനും സംവരണം എടുത്തുകളയാനും വേണ്ടിയാണ് പ്രധാനമന്ത്രി മോദി ‘ഇസ് ബാർ 400 പാർ’ മുദ്രാവാക്യവുമായി വന്നതെന്ന് റെഡ്ഡി പറഞ്ഞു. “അതുകൊണ്ടാണ് അദ്ദേഹം മൂന്നിൽ രണ്ട് സീറ്റുകളിലും ബിജെപിയെ മത്സരിപ്പിക്കാൻ ഇറക്കിയത്. അദ്ദേഹം സർക്കാർ രൂപീകരിക്കാൻ പോകുകയാണെങ്കിൽ, അവർ എല്ലാ സംവരണ മാനദണ്ഡങ്ങളും മാറ്റും. ഇത് നമ്മുടെ ജനാധിപത്യത്തിന് ഏറ്റവും വലിയ ഭീഷണിയാണ്.