മാസ് ഷാർജയുടെ നാല്‍പ്പതാമത് വാർഷിക ആഘോഷം ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ നടത്താൻ വാർഷിക പ്രതിനിധി സമ്മേളനത്തിന്റെ തീരുമാനം. പ്രതിനിധി സമ്മേളനത്തില്‍ എ.എ റഹീം എംപി വിശിഷ്ടാതിഥിയായി പങ്കെടുത്തു.
15 യൂണിറ്റുകളും 3 മേഖല കമ്മിറ്റികളുമുളള മാസിന് പുതിയ ഭാരവാഹികളേയും തിരഞ്ഞെടുത്തു. വാഹിദ് നാട്ടികയെ പ്രസിഡന്റായി. മുഹമ്മദ് ഹാരിസാണ് വൈസ്. പ്രസിഡന്റ്. സമീന്ദ്രൻ ടിസി ജനറൽ സെക്രെട്ടറിയായി. ബ്രിജേഷ് ഗംഗാധരനാണ് ജോയിന്റ് സെക്രെട്ടറി. അജിത രാജേന്ദ്രൻ ട്രെഷററായും തെരഞ്ഞെടുക്കപ്പെട്ടു. 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും 101 അംഗ സെൻട്രൽ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു.
നാല്പതാം വാർഷിക ആഘോഷങ്ങളുടെ ഔപചാരിക ഉദാഘാടനം ഫെബ്രുവരി 5 ഞായറാഴ്ച വൈകീട്ട് 5.30ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യുണിറ്റി ഹാളിൽ നടക്കും. മുൻ മന്ത്രിയും എംഎല്‍എയുമായ എംഎം മണി ഉദ്ഘാടനം നിർവഹിക്കും. യുഎഇയിലെ വിവിധ സംഘടനാ നേതാക്കൾ പങ്കെടുക്കും.
ഘോഷയാത്രയോടെ ആരംഭിക്കുന്ന പരിപാടിയിൽ മാസിലെ ഇരുന്നൂറിൽപരം കലാകാരന്മാർ അണിനിരക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. പ്രവേശനം സൗജന്യമാണെന്നും സംഘാടകര്‍ വ്യക്തമാക്കി.യുഎഇയിലെ ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ എമിറേറ്റ്സ് പരിധികളിലെ സാംസ്കാരിക സാമൂഹിക മേഖലകളിലാണ് മാസിന്റെ പ്രവര്‍ത്തനം.