ഷാർജ: ഷാർജയിൽ നിന്നും ഇന്നലെ കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന എയർഇന്ത്യ എക്സ്പ്രസ്സ് വിമാനം അനിശ്ചിതമായി വൈകുന്നു. നിശ്ചയിച്ച സമയം കഴിഞ്ഞ് മുപ്പത് മണിക്കൂറിന് ശേഷവും വിമാനം ഷാർജയിൽ നിന്നും പുറപ്പെട്ടിട്ടില്ല. ഇതോടെ ഷാർജ വിമാനത്താവളത്തിൽ കടുത്ത പ്രതിഷേധത്തിലാണ് യാത്രക്കാർ.
വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങി പല വിധ അടിയന്തര ആവശ്യങ്ങളുമായി നാട്ടിലേക്ക് പോകാനിരുന്നവരാണ് ഇപ്പോൾ പെരുവഴിയിലായത്. തങ്ങളെ പരിഗണിക്കാതെയുള്ള പെരുമാറ്റമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. പ്രായമായവരും കുട്ടികളും ഉൾപ്പടെയുള്ള യാത്രക്കാരാണ് ഷാർജാ വിമാനത്താവളത്തിൽ ദുരിതാവസ്ഥയിലുള്ളത്.
വിമാനം വൈകുന്നത് സംബന്ധിച്ചോ വീണ്ടും പുറപ്പെടുന്നത് സംബന്ധിച്ചോ കൃത്യമായ വിവരമോ അറിയിപ്പോ എയർലൈൻ കമ്പനിയിൽ നിന്നുമില്ലാത്തതാണ് യാത്രക്കാരെ കൂടുതൽ പ്രകോപിതരാക്കുന്നത്. താമസസൗകര്യമോ നല്ല ഭക്ഷണമോ പോലും നൽകിയില്ല എന്നും പരാതിയുണ്ട്.