ദുബായ്: പ്രളയത്തിൽ കെട്ടിടങ്ങൾക്ക് സംഭവിച്ച കേടുപാടുകൾ സൗജന്യമായി അറ്റകുറ്റപ്പണി ചെയ്തു കൊടുക്കുമെന്ന വാഗ്ദാനവുമായി ബിൽഡർമാർ. റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ MAG, എമാർ തുടങ്ങിയ ബിൽഡർമാരാണ് ഉപഭോക്താക്കൾക്ക് ഈ വാഗ്ദാനവുമായി രംഗത്ത് എത്തിയത്.
കമ്പനി അതിൻ്റെ റെസിഡൻഷ്യൽ പ്രൊജക്ടറുകളിലെ പ്രളയ ബാധിതരായ താമസക്കാർക്ക് ആവശ്യമായ അറ്റകുറ്റപ്പണികൾ സൗജന്യമായി ചെയ്തു കൊടുക്കും. വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഞങ്ങളുടെ ഉപഭോക്താക്കളോടൊപ്പം നിൽക്കേണ്ടത് ഞങ്ങളുടെ ബാധ്യതയാണ് – MAG ലൈഫ് സ്റ്റൈൽ ഡെവലപ്മെൻ്റ് സിഇഒ തലാൽ മൊഫാഖ് അൽ ഗദ്ദ പ്രസ്താവനയിൽ വ്യക്തമാക്കി.
MAG 214, MAG 218, എമിറേറ്റ്സ് ഫിനാൻഷ്യൽ ടവേഴ്സ്, MAG ഹോട്ടൽ അപ്പാർട്ട്മെൻ്റുകൾ, MAG 5 റെസിഡൻസസ് എന്നിവയും മറ്റു പലതും ഡെവലപ്പർ പൂർത്തിയാക്കിയ പ്രോജക്റ്റുകളിൽ ചിലതാണ്. Keturah Resort, The Ritz-Carlton Residences, Keturah Reserve Townhouses, Keturah Reserve Residences എന്നിവയാണ് നടന്നുകൊണ്ടിരിക്കുന്ന പ്രധാന പദ്ധതികളിൽ ചിലത്.
കനത്ത മഴയിൽ നാശനഷ്ടമുണ്ടായ ദുബായിലെ തങ്ങളുടെ കമ്മ്യൂണിറ്റികളിലെ എല്ലാ വസ്തുവകകളും സൗജന്യമായി നന്നാക്കുമെന്ന് ഇമാർ പ്രോപ്പർട്ടീസ് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. “ഞങ്ങളുടെ താമസക്കാർക്ക് കഴിയുന്നത്ര വേഗത്തിലും സുഗമമായും അവരുടെ ദൈനംദിന ജീവിതത്തിലേക്ക് മടങ്ങാനുള്ള എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കും. ഈ മഴയിൽ തകർന്ന ഞങ്ങളുടെ കമ്മ്യൂണിറ്റികളിലെ എല്ലാ കെട്ടിടങ്ങളുടേയും അറ്റകുറ്റപ്പണികൾ സ്വന്തം ചെലവിൽ ഞങ്ങൾ ചെയ്യും” എമാർ പ്രോപ്പർട്ടീസ് ചെയർമാൻ മുഹമ്മദ് അലബ്ബാർ അറിയിച്ചു.
ദുബായിലെ ഏറ്റവും വലിയ സ്വകാര്യ ഡെവലപ്പറായ ഡമാക് പ്രോപ്പർട്ടീസ്, താമസക്കാർക്ക് അവരുടെ എല്ലാ സ്വത്തുക്കളും പൂർണ്ണമായും ഇൻഷുറൻസ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുനൽകുന്നതിനായി നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് അടിയന്തരമായി പൂർത്തിയാക്കുമെന്നും ആവശ്യമായ എല്ലാ സഹായവും താമസക്കാർക്ക് നൽകുമെന്നും അറിയിച്ചു.