ബെംഗളൂരു: സ്വന്തം നിലയിൽ വിമാനക്കമ്പനി തുടങ്ങാനുള്ള സാധ്യതാപഠനം തുടങ്ങി കർണാടക സർക്കാർ. സംസ്ഥാന വ്യവസായ – അടിസ്ഥാന സൌകര്യ വികസന മന്ത്രി എം.ബി പാട്ടീലാണ് ഇക്കാര്യം അറിയിച്ചത്. കർണാടകയിലെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് സർവ്വീസ് നടത്തുക എന്ന ലക്ഷ്യത്തോടെയാണ് വിമാനക്കമ്പനിക്കായി കർണാടക സർക്കാർ നീക്കം തുടങ്ങിയിരിക്കുന്നത്.
സ്റ്റാർ എയർ സ്ഥാപകനും ഉടമയുമായ സഞ്ജയ് ഗോദാവത്തുമായി ഞാൻ സംസാരിച്ചിരുന്നു. ഒരു വിമാനത്തിന് ഏതാണ്ട് 200 കോടി വില വരുമെന്നാണ് അദ്ദേഹം പറയുന്നത്. ഇങ്ങനെയുള്ള ഒരു മൂന്ന് വിമാനങ്ങൾ നമ്മൾ വാങ്ങിയാൽ ആകെ 600 കോടിയേ ചിലവാകൂ. സർക്കാരിനെ സംബന്ധിച്ച് അതൊരു വലിയ തുകയല്ല. മാത്രമല്ല വേണമെങ്കിൽ വിമാനങ്ങൾ ലീസിന് എടുക്കാനും സാധിക്കും.
സംസ്ഥാന സർക്കാരിന് കീഴിൽ ഒരു എയർലൈൻ കമ്പനി വന്നാൽ സംസ്ഥാനത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് സർവ്വീസ് നടത്താനാവും. അതിവേഗ കണക്ടിവിറ്റിയും ഇതിലൂടെ സാധ്യമാകും. ബെംഗളൂരു – മൈസൂരു, ബെംഗളൂരു – കൽബുർഗ്ഗി, ബെംഗളൂരു – ഹുബ്ലി. ബെംഗളൂരു – ശിവമോഗ്ഗ, മൈസൂരു – കൽബുർഗ്ഗി പാതകൾ ഇത്തരം വിമാനസർവ്വീസുകൾക്ക് അനുകൂലമാണ്. എയർലൈൻ കമ്പനി സജ്ജമാക്കാനായി എയർഇന്ത്യയിലെ സീനിയർ ഉദ്യോഗസ്ഥർ സഹായിക്കാം എന്നറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കർണാടക സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (കെഎസ്ഐഐഡിസി) മുഖേന സംസ്ഥാനത്ത് വരാനിരിക്കുന്ന വിമാനത്താവളങ്ങൾ നിയന്ത്രിക്കാനുള്ള സർക്കാരിന്റെ പദ്ധതിയുടെ തുടർച്ചയായിട്ടാണ് സംസ്ഥാനത്തിന്റെ സ്വന്തം എയർലൈൻ ആരംഭിക്കാനുള്ള ആശയം ഉടലെടുത്തത്. പുതുതായി നിർമിച്ച ശിവമോഗ വിമാനത്താവളം സർക്കാർ ഉടമസ്ഥതയിലുള്ള കെഎസ്ഐഡിസിയാവും ഏറ്റെടുത്ത് നടത്തുക. വിജയപുര, റായ്ച്ചൂർ, ബല്ലാരി, കാർവാർ, ഹാസൻ എന്നിവിടങ്ങളിൽ വരാനിരിക്കുന്ന വിമാനത്താവളങ്ങലും കർണാടക എസ്ഐഡിസിയാവും ഏറ്റെടുത്ത് നടത്തുകയെന്നും മന്ത്രി പറഞ്ഞു.
കർണാടകയ്ക്ക് സ്വന്തമായി സിവിൽ ഏവിയേഷൻ നയം രൂപീകരിക്കുമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ബജറ്റ് വാഗ്ദാനത്തിന് തുടർച്ചയാണ് ഇതെന്നും മന്ത്രി പറഞ്ഞു. ഹംപിയിൽ ഹെലിപോർട്ട് കൂടാതെ ധർമസ്ഥല, കുടക്, ചിക്കമംഗളൂരു എന്നിവിടങ്ങളിൽ സർക്കാർ എയർസ്ട്രിപ്പുകൾ വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.