പ്രായത്തിലല്ല പ്രവർത്തിയിലാണ് കാര്യം. പലരുടെയും അഭിരുചികൾ വ്യത്യസ്തമായിരിക്കും. അവ യഥാർത്ഥമാക്കാൻ സ്വീകരിക്കുന്ന രീതികളും പലതാണ്. അത്തരത്തിൽ വ്യത്യസ്തനായ ഒരു സോപ്പ് നിർമ്മാതാവാണ് അജ്മാനിലെ പ്രവാസികളുടെ മകനായ ഇസാൻ അഫാക്ക്. വ്യത്യസ്ഥ നിറത്തിലും ആകൃതിയിലും മണത്തിലുമെല്ലാം കിടിലൻ ഓർഗാനിക്ക് ഹോം മെയ്ഡ് സോപ്പുകൾ സ്വയം നിർമ്മിച്ച് വിൽക്കുന്ന ഒരു കൊച്ചു സംരംഭകനാണ് ഇസാൻ. എന്നാൽ ഈ സംരംഭകന് വെറും ഒമ്പത് വയസ് മാത്രമാണ് പ്രായം. ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയിൽ എൻജിനീയറും എറണാകുളം സ്വദേശികളുമായ അബ്ദുൽ മനാഫിന്റെയും നഫ്സീനയുടെയും മൂത്ത മകനാണ് ഇസാൻ. അജ്മാൻ അൽജർഫിലെ ഹാബിറ്റാറ്റ് സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥികൂടിയാണ് ഈ കൊച്ചു മിടുക്കൻ.
ഇസാന്റെ സോപ്പുകൾക്ക് ഒരു പ്രത്യേകതയുണ്ട്. കളിപ്പാട്ടത്തിന്റെയും പൂക്കളുടെയുമൊക്കെ ആകൃതിയിലാണ് സോപ്പുകളുടെ നിർമാണം. അവ ഭംഗിയായി പാക്ക് ചെയ്ത് ആവശ്യക്കാരിലേക്കെത്തിക്കും. ഒരു വർഷത്തോളമായി ഇസാൻ സ്വന്തമായി നാച്ചുറൽ സോപ്പുകളുണ്ടാക്കി യു എ ഇയിലെ പലയിടങ്ങളിലായി വിൽക്കുന്നു. അതേസമയം ചെറിയ സംരംഭകരുടെ വലിയ സ്വപ്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന യു എ ഇയിലെ വിവിധ പരിപാടികളുടെ ഭാഗമാകാറുണ്ട് ഇസാൻ. ദുബായ് മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ലിറ്റിൽ എൻറർപ്രണർ ഇവൻ്റിലൂടെയാണ് ഇസാൻ ആദ്യമായി തന്റെ സോപ്പുകൾ വിൽക്കുന്നത്. ശേഷം കൂടുതൽ പ്രചോദനമുൾകൊണ്ട് ഇവൻറുകളിലൂടെ സ്വന്തം സംരംഭം വളർത്തിയെടുത്തു. ഷാർജ കോപ്പിന്റെ ലിറ്റിൽ എൻറർപ്രണർ ഇവൻറിലും ചിൽഡ്രൻസ് ഡേയോടനുബന്ധിച്ച് ഡമാക്ക് ഹിൽസ് നടത്തിയ പരിപാടിയിലും ഇസാൻ തിളങ്ങി.
ആറു വയസു മുതൽ കുക്കിങ്ങ് കോമ്പറ്റീഷനുകളുടെ ഭാഗമായിരുന്ന ഇസാന് നെല്ലറയുടെ കുട്ടിക്കുക്ക് എന്ന മത്സരത്തിലായിരുന്നു ആദ്യമായി സമ്മാനം ലഭിച്ചത്. പിന്നീട് പല കുക്കിങ്ങ് മത്സരങ്ങളിലും ഇസാൻ പങ്കെടുത്തു. ക്ലബ് എഫ് എം, അൽ റവാബി, ഹിറ്റ് എഫ് എം നടത്തിയ കുട്ടികൾക്കായുള്ള മത്സരങ്ങളിലൊക്കെ പങ്കെടുത്ത് വിജയിച്ചു. എന്നാൽ മാതാപിതാക്കൾ സമ്മാനിച്ച സോപ്പ് മെയ്ക്കിങ്ങ് കിറ്റാണ് ഇസാനെ സോപ്പ് നിർമ്മാണത്തിലെത്തിച്ചത്. സോപ്പ് മാത്രമല്ല ബോട്ടിൽ ആർട്ടും, ജ്വല്ലറി നിർമ്മാണവുമൊക്കെ ഈ കൊച്ചു മിടുക്കന്റെ പരീക്ഷണങ്ങളിൽ ചിലത് മാത്രം.
പല രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളൊരുമിക്കുന്ന വിവിധ പരിപാടികളിൽ ഇസാൻ ഭാഗമാവാറുണ്ട്. അതുകൊണ്ട് തന്നെ സ്വന്തം ഉൽപ്പന്നങ്ങൾ വിൽക്കാനുള്ള അവസരവും ഇസാന് ലഭിക്കും. മാതാപിതാക്കളുടെ പിന്തുണ കൂടിയായപ്പോൾ വീണ്ടും മത്സരങ്ങളിൽ പങ്കെടുക്കാനും സമ്മാനങ്ങൾ വാരിക്കൂട്ടാനും തുടങ്ങി. സംരംഭത്തിൽ മാത്രമല്ല പഠനത്തിലും മിടുക്കനാണ് ഇസാൻ. അഞ്ച് വയസ്സു മുതൽ മെൻറൽ മാത്സ് അബാക്കസ് പരിശീലിക്കുന്നുണ്ട്. ഇൻറർനഷനൽ ലെവലിലും സോൺ തലത്തിലും ഇസാൻ ചാമ്പ്യനാണ്. അത് മാത്രമല്ല താൻ നിർമിക്കുന്ന സോപ്പുകൾ Izas_soaphouse എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇസാൻ പങ്കുവയ്ക്കാറുണ്ട്.