മസ്കറ്റ്: ഒമാനിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ഒമാനിലെ വിവിധ ഗവർണറേറ്റുകളിലായി ഇതുവരെ 1333 പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. നാഷണൽ സെൻറർ ഫോർ എമർജൻസി മാനേജ്മെൻറ് ഇതുവരെ 18 ദുരിതാശ്വാസ – അഭയ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. വെള്ളപ്പൊക്ക ഭീഷണി കണക്കിലെടുത്ത് അൽ-ബുറൈമിയിൽ നിന്ന് സോഹാറിലേക്കുള്ള വാദി അൽ ജിസി റോഡും, അൽ ജബൽ അൽ അഖ്ദർ റോഡും അധികൃതർ അടച്ചിരിക്കുകയാണ്.
കനത്ത മഴയിൽ വൈദ്യുതി വിതരണം താറുമാറായ നിലയിലാണ്. പല ഗവർണറേറ്റുകളിലും വൈദ്യുതി തടസ്സം നേരിടുന്നതായും എന്നാൽ അടിയന്തരമായി വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്നും നാഷണൽ സെൻറർ ഫോർ എമർജൻസി പ്രസ്താവനയിൽ അറിയിച്ചു.
യുഎഇ അതിർത്തിയോട് ചേർന്നുള്ള വടക്കൻ ബാത്തിനായിലെ ഷിനാസിൽ നിരവധി വീടുകൾ വെള്ളത്തിലായി. വെള്ളക്കെടുതിയിൽപ്പെട്ട 46 പേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) രക്ഷപ്പെടുത്തി. അതേസമയം കാലാവസ്ഥ സാധാരണ നിലയിലാവും വരെ മത്സ്യബന്ധനം ഒഴിവാക്കണമെന്നും കടലിലോ ബീച്ചുകളിലോ പോകരുതെന്നും സമുദ്ര യാത്ര പൂർണമായി ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
അതിനിടെ സഹമിലെ വിലായത്ത് താഴ്വരയിൽ കാണാതായ ഏഷ്യക്കാരിയായ യുവതിയുടെ മൃതദേഹം മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെത്തി. ഇതോടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 20 ആയി. ബുറൈമി ഗവർണറേറ്റിലെ ചില പ്രദേശങ്ങളിൽ 200 മില്ലീമീറ്റർ വരെ മഴ ലഭിച്ചിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് നിരവധി താഴ്വരകൾ വെള്ളം കുത്തിയൊലിച്ചെത്തി. നിരവധി വാഹനങ്ങളാണ് അപ്രതീക്ഷതമായുണ്ടായ മലവെള്ളപ്പാച്ചിലിലും വെള്ളക്കെട്ടിലും മുങ്ങിപ്പോയത്.