ദില്ലി : എയർ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാർ നടത്തി വന്ന സമരം ഒത്തുതീർപ്പായി. ഡൽഹിയിൽ ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ എയർഇന്ത്യ എക്സ്പ്രസ്സ് മാനേജ്മെന്റും ജീവനക്കാരും തമ്മിൽ നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. പിരിച്ചു വിട്ടവരെ തിരിച്ചെടുക്കണമെന്ന തൊഴിലാളികളുടെ ആവശ്യം മാനേജ്മെന്റ് അംഗീകരിച്ചതോടെയാണ് ചർച്ച വിജയകരമായി അവസാനിച്ചതും സമരം പിൻവലിക്കാൻ വഴി തുറന്നതും.
എയർ ഇന്ത്യ എക്സ് പ്രസിന്റെ എച്ച് ആർ മേധാവിയാണ് കമ്പനിയെ പ്രതിനിധികരിച്ച് ചർച്ചയിൽ പങ്കെടുത്തത്. ദില്ലി ദ്വാരകയിലെ ലേബർ ഓഫീസിൽ ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങിയ ചർച്ചയിൽ വൈകിട്ടോടെയാണ് തീരുമാനമുണ്ടായത്. സിഇഒ യോഗത്തിൽ പങ്കെടുക്കാത്തതിന്റെ അതൃപ്തി യൂണിയൻ ഭാരവാഹികൾ അറിയിച്ചെങ്കിലും ചർച്ചയിൽ നിന്നും അവർ പിന്നോട്ട് പോയില്ല. സമരത്തിനിടെ കമ്പനി പിരിച്ചു വിട്ട മുപ്പത് ജീവനക്കാരെ തിരിച്ചെടുക്കണമെന്നായിരുന്നു യൂണിൻ്റെ പ്രധാന ആവശ്യം.
എയർ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂണിയനിലുള്ള 300 ജീവനക്കാരാണ് കൂട്ടമായി മെഡിക്കൽ അവധിയെടുത്ത്. കമ്പനിയുടെ പ്രവർത്തനം അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമരമെന്ന് ബോധ്യമായെന്നാണ് കമ്പനി അയച്ച പിരിച്ചുവിടൽ നോട്ടീസിൽ പറഞ്ഞിരുന്നു. സമരത്തെ തുടർന്ന് 85 വിമാനസർവ്വീസുകളാണ് എയർഇന്ത്യ എക്സ്പ്രസ്സിന് റദ്ദാക്കേണ്ടി വന്നത്. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ എയർഇന്ത്യ ഇരുപത് റൂട്ടുകളിൽ സർവ്വീസ് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. സമരത്തിൻ്റെ ഭാഗമായി ഡ്യൂട്ടിയിൽ നിന്നും മാറി നിന്ന ജീവനക്കാർ ഉടൻ തന്നെ തിരികെ ജോലിയിൽ പ്രവേശിക്കുമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.