ഡൽഹി: പൈലറ്റുമാരുടെ നിസ്സഹകരണം കാരണം അവതാളത്തിലായ വിസ്താര എയർലൈൻസിൻ്റെ സർവ്വീസുകൾ ഈ ആഴ്ച തന്നെ സാധാരണ നിലയിലാകുമെന്ന് കമ്പനി സിഇഒ. പൈലറ്റുമാരുമായി നടത്തിയ വീഡിയോ കോൺഫോറൻസിന് ശേഷമാണ് വിസ്താര എയർലൈൻസ് സിഇഒ വിനോദ് കണ്ണൻ ഒരു ദേശീയമാധ്യമത്തോട് ഇക്കാര്യം അറിയിച്ചത്.
എയർ ഇന്ത്യയുമായുള്ള വിസ്താരയുടെ ലയനത്തിൻ്റെ പശ്ചാത്തലത്തിൽ പൈലറ്റുമാരുടെ ആശങ്ക പരിഹരിക്കുമെന്നും ലയനം പൂർത്തിയാകുമ്പോൾ മെച്ചപ്പെട്ട സാലറി പാക്കേജും ആനുകൂല്യങ്ങളും ജീവനക്കാർക്ക് ലഭിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്തുവെന്നാണ് സൂചന. മേയ് മാസത്തിൽ തന്നെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും കമ്പനി സിഇഒ പൈലറ്റുമാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. പുതിയ ശമ്പളപാക്കേജ് വിസ്താരയിലെ എല്ലാ പൈലറ്റുമാരും അംഗീകരിച്ചെന്നും വീഡിയോ കോൺഫറൻസിൽ യാതൊരു പ്രതിഷേധവും ഉയർന്നിട്ടില്ലെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു.
പൈലറ്റ് ക്ഷാമം കാരണമുണ്ടായ പ്രതിസന്ധി ഇതിനോടകം പരിഹരിച്ചു തുടങ്ങിയിട്ടുണ്ടെന്നും കമ്പനി ചൂണ്ടിക്കാട്ടി. ഇന്നലെ 52 സർവ്വീസുകൾ റദ്ദാക്കിയ സ്ഥാനത്ത് ഇന്ന് 24 സർവ്വീസുകൾ മാത്രമാണ് റദ്ദാക്കിയത്. അടുത്ത ദിവസങ്ങളിൽ ഷെഡ്യൂളുകൾ കൃത്യമാക്കാനുള്ള ശ്രമത്തിലാണ് വിസ്താര അധികൃതർ ഇപ്പോൾ.