മലപ്പുറം : മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു കുട്ടി മരിച്ചു. കാളികാവ് സ്വദേശി ചന്ദ്രന്റെ മകൻ ജിഗിൻ ആണ് മരിച്ചത്. പതിനാല് വയസ്സായിരുന്നു. ഭിന്നശേഷിക്കാരനായ കുട്ടി രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് ജിഗിൻ മരിച്ചത്.
ജിഗിൻ്റെ പിതാവും സഹോദരനും രോഗബാധയെ തുടർന്ന് ചികിത്സയിലാണ്. പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീർ എന്നയാളും മഞ്ഞപ്പിത്തം ബാധിച്ച് ഇന്നു മരിച്ചിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് സക്കീറിൻ്റെ മരണം. മഞ്ഞപ്പിത്തം കരളിനെ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം.
മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം പടരുകയാണ്. കഴിഞ്ഞ 5 മാസത്തിനിടെ 8 പേരാണ് രോഗബാധിതരായി മരിച്ചത്. 3000ത്തിലേറെ പേർക്ക് ഇതിനോടകം രോഗം ബാധിച്ചു. നിലമ്പൂർ മേഖലയിൽ രോഗം കാര്യമായി പരക്കുന്നത്. രോഗബാധയും മരണങ്ങളും ജനങ്ങളേയും ആശങ്കയിലാഴ്ത്തുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ചാലിയാർ സ്വദേശിയായ റെനീഷ് ഹെപ്പറ്റൈറ്റിസ് ബാധിച്ചു മരിച്ചത്. ഇയാളുടെ കുടുംബത്തിലെ 9 വയസ്സുകാരിയും രോഗംബാധിച്ച് ചികിത്സയിലാണ്.
പോത്തുകൽ,പൂക്കോട്ടൂർ,പെരുവള്ളൂർ, മൊറയൂർ തുടങ്ങിയ പഞ്ചായത്തുകളിലും മലപ്പുറം മുനിസിപ്പാലിറ്റിയിലുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. പോത്തുകല്ലിലും സമീപപ്രദേശങ്ങളിലും മാത്രമായി കഴിഞ്ഞ രണ്ടു മാസത്തിനിടെ രോഗം ബാധിച്ചത് 152 പേർക്കാണ്.