ദുബായ്: പ്രളയത്തിൽ താളം തെറ്റിയ ദുബായ് വിമാനത്താവളത്തിൻ്റെ പ്രവർത്തനം സാധാരണ നിലയിലായി. പ്രതിദിനം 1400 വിമാനങ്ങളായിരുന്നു ദുബായ് വിമാനത്താവളത്തിൽ വന്നു പോയിരുന്നത്. ഇന്ന് മുതൽ ഈ സർവ്വീസുകളെല്ലാം മുടക്കമില്ലാതെ ഓപ്പറേറ്റ് ചെയ്തിട്ടുണ്ട്.
വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാരുടെ ലാഗേജുകൾ 24 മണിക്കൂറിനകം നൽകി തീർക്കുമെന്ന് ദുബായ് വിമാനത്താവള അധികൃതർ അറിയിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് 2155 വിമാനങ്ങളാണ് തടസ്സപ്പെട്ടത്. 115 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു.
കനത്ത മഴ മൂലംവിമാനത്താവളത്തിലെ പ്രവര്‍ത്തനം തടസ്സപ്പെട്ടതിലും യാത്രക്കാര്‍ നേരിട്ട അസൗകര്യങ്ങളിലും ദുബൈ എയര്‍പോര്‍ട്ട് സിഇഒ പോള്‍ ഗ്രിഫിത്ത്സ് നേരത്തെ ഖേദം പ്രകടിപ്പിച്ചിരുന്നു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് തിരികെ എത്തിക്കുന്നതിനായി ദുബൈ വിമാനത്താവളത്തിലെ സംഘം നിരന്തരം പരിശ്രമിക്കുകയാണെന്നും ഈ പ്രതിസന്ധി നേരിടുന്നതിനും യാത്രക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും എല്ലാ പങ്കാളികളും ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.