ഡല്‍ഹി ഷഹബാദില്‍ 16 വയസുകാരിയെ ആണ്‍സുഹൃത്ത് കുത്തി കൊലപ്പെടുത്തി. നിരവധി തവണ കുട്ടിയെ കുത്തുകയും ചവിട്ടുകയും പലതവണ കല്ലെടുത്ത് തലയ്ക്ക് അടിക്കുകയും ചെയ്തു.
ഞായറാഴ്ച രാത്രിയാണ് സംഭവം. കുത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. പൊതു സ്ഥലത്ത് വെച്ചാണ് ഇയാള്‍ ക്രൂരകൃത്യം നടത്തിയത്. ആളുകളുടെ സാന്നിധ്യത്തിലാണ് കൊലപാതകം. അതേസമയം കുത്തുന്നത് കണ്ടിട്ടും വഴിയിലൂടെ നടന്ന് പോകുന്നവര്‍ പിടിച്ച് മാറ്റാന്‍ പോലും ശ്രമിക്കാത്തതും ദൃശ്യത്തില്‍ കാണാം.
പെണ്‍കുട്ടി വഴിയിലൂടെ നടന്നുപോകുമ്പോള്‍ പിടിച്ച് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് 20 ലേറെ തവണ കുത്തേറ്റതായി സംശയമുണ്ടെന്നും പെണ്‍കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം നടന്നുവരികയാണെന്നും അഡീഷണല്‍ ഡി.സി.പി രാജ ബാന്ദ്യ പറഞ്ഞു.
20 കാരനായ സഹില്‍ ആണ് പെണ്‍കുട്ടിയെ കുത്തികൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ യുവാവും പെണ്‍കുട്ടിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയെ കുത്തിയത്.