ദുബായ്: സൗദ്ദി അറേബ്യൻ രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിദ്ദയിലെ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് പതിവ് പരിശോധനകൾക്കായി സൽമാൻ രാജാവിനെ പ്രവേശിപ്പിച്ചതെന്ന് സൗദ്ദി റോയൽ കോടതി ബുധനാഴ്ച അറിയിച്ചു.
88 കാരനായ സൽമാൻ രാജാവ് ഇതാദ്യമായല്ല പതിവ് പരിശോധനകൾക്കായി ആശുപത്രിയിൽ അഡ്മിറ്റാവുന്നത്. വിശദമായ പരിശോധനകൾക്ക് വേണ്ടി മുൻപും അദ്ദേഹം ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിട്ടുണ്ട്. 2022 മെയ് മാസത്തിലും വിവിധ പരിശോധനകൾക്കായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
1963 മുതൽ 2011 വരെയുള്ള 48 വർഷം റിയാദിന്റെ ഡെപ്യൂട്ടി ഗവർണർ, ഗവർണർ പദവികൾ വഹിച്ച അദ്ദേഹം 2011-ലാണ് സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രിയായി നിയമിക്കപ്പെട്ടത്. 2012 ൽ നയിഫ് രാജകുമാരൻ അന്തരിച്ചപ്പോൾ സൽമാൻ കിരീടാവകാശിയായി അവരോധിക്കപ്പെട്ടു. 2015 ൽ അബ്ദുള്ള രാജാവ് അന്തരിച്ചപ്പോൾ ആണ് സൽമാൻ സൗദി അറേബ്യയുടെ രാജാവായി ചുമതലയേറ്റെടുത്തത്.