ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേരളത്തിൽ നിന്നുള്ള നഴ്സിനെ രക്ഷിക്കാനുള്ള ഏക പോംവഴി ഇരയുടെ കുടുംബവുമായി ചർച്ച നടത്തി ബ്ലഡ് മണി നൽകി ഒത്തുതീർപ്പാക്കുക മാത്രമാണെന്ന് അഭിഭാഷകൻ. നിമിഷപ്രിയയുടെ മോചനത്തിനുള്ള നടപടികൾ പൂർത്തിയാക്കാൻ അമ്മയെ യെമനിലേക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി കോടതിയിൽ അപേക്ഷ സമർപ്പിച്ച അഭിഭാഷകൻ സുഭാഷ് ചന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
“2016 മുതൽ യെമനിലേക്ക് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിൻ്റെ യാത്രാ നിരോധനമുണ്ട്, അതിനാൽ ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ സർക്കാരിന്റെ അനുമതിയില്ലാതെ യെമൻ സന്ദർശിക്കാൻ കഴിയില്ല. അതിനാൽ ഒത്തുതീർപ്പ് ചർച്ചകൾക്കായി ഇരയുടെ കുടുംബവുമായി ബന്ധപ്പെടാൻ ഞങ്ങൾക്ക് കഴിയാത്ത സാഹചര്യമാണ്,” ചന്ദ്രൻ പറഞ്ഞു.
കൊല്ലപ്പെട്ട യെമനീസ് പൗരൻ്റെ കുടുംബത്തിന് കൊലയ്ക്ക് നഷ്ടപരിഹാരമായി പണം പ്രതിയിൽ നിന്നും സ്വീകരിക്കാനും അയാൾക്ക് മാപ്പ് നൽകാനും അവിടുത്തെ നിയമത്തിൽ വ്യവസ്ഥയുണ്ട്. സുപ്രീംകോടതി അപ്പീൽ തള്ളിയ സ്ഥിതിക്ക് ഇനി നിമിഷ പ്രിയയുടെ മോചനത്തിന് ഇനി ബാക്കിയുള്ള ഒരേയൊരു വഴി ഇതു മാത്രമാണ്. രാഷ്ട്രീയക്കാർ, വ്യവസായികൾ, ആക്ടിവിസ്റ്റുകൾ, പ്രവാസികൾ എന്നിവരടങ്ങുന്ന വലിയ കൂട്ടായ്മ തന്നെ നിലവിൽ നിമിഷ പ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ യെമനിലെ രാഷ്ട്രീയ അന്തരീക്ഷമാണ് നിലവിൽ ഇവർ നേരിടുന്ന വലിയ വെല്ലുവിളി.
ഒത്തുതീർപ്പ് ചർച്ചകൾ നടത്തണമെങ്കിൽ നിമിഷ പ്രിയയുടെ മാതാവ് യെമനിലേക്ക് പോകേണ്ടതുണ്ട്. നിമിഷപ്രിയയുടെ അമ്മ സമർപ്പിച്ച ഹർജിയിൽ ഒരാഴ്ചയ്ക്ക് അകം തീരുമാനമെടുക്കാൻ ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കൊച്ചിയിൽ ഒരു വീട്ടിൽ സഹായിയായി ജോലി ചെയ്യുന്ന നിമിഷ പ്രിയയുടെ അമ്മ മകളുടെ മോചനത്തിനായുള്ള നിയമപോരാട്ടത്തിനായി സ്വന്തമായുള്ള വീട് പോലും ഇതിനോടകം വിറ്റു കഴിഞ്ഞു.
ഇരയുടെ കുടുംബവുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാരിനോടും വിദേശകാര്യ മന്ത്രാലയത്തോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. പണം നൽകാൻ ഞങ്ങൾ തയ്യാറാണ്, എന്നാൽ യെമനിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ചർച്ചകൾക്ക് സർക്കാർ അവസരമൊരുക്കണം – സുഭാഷ് ചന്ദ്രൻ പറഞ്ഞു.
പാലക്കാട് സ്വദേശിനിയായ നിമിഷ പ്രിയ നഴ്സിംഗ് പഠനത്തിന് ശേഷമാണ് യെമനിലേക്ക് പോകുന്നത്. യെമനിലെ പല ആശുപത്രികളിൽ നഴ്സായി ജോലി നോക്കിയ ശേഷം 2014-ൽ ആണ് യെമനീസ് പൌരനായ തലാൽ അബ്ദോ മഹ്ദിയെ നിമിഷ പ്രിയ പരിചയപ്പെടുന്നത്. പാർട്ണ്ഷിപ്പിൽ ഒരു മെഡിക്കൽ ക്ലിനിക്ക് തുടങ്ങാൻ മഹ്ദി നിമിഷപ്രിയയെ ക്ഷണിച്ചു. യെമനീസ് നിയമപ്രകാരം സ്വദേശികളുമായുള്ള പങ്കാളിത്തതോടെ മാത്രമേ വിദേശപൌരൻമാർക്ക് സംരംഭങ്ങൾ ആരംഭിക്കാൻ സാധിക്കൂ.
എന്നാൽ ക്ലിനിക്ക് ആരംഭിച്ച് അധികം വൈകാതെ ഇരുവരും തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ടായി. മഹ്ദിയിൽ നിന്നും ശാരീരികമായ ഉപദ്രവവും ഭീഷണിയും ഉണ്ടായി തുടങ്ങിയതോടെ ഇയാൾക്കെതിരെ നിമിഷ പ്രിയ യെമനീസ് പൊലീസിന് പരാതി നൽകി. ഇതേ തുടർന്ന് പൊലീസ് ഇയാൾ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. എന്നാൽ പിന്നീട് ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇയാൾ വീണ്ടും നിമിഷ പ്രിയയെ ശല്യപ്പെടുത്തുകയും നിമിഷയുടെ പാസ്പോർട്ട് കൈക്കലാക്കുകയും ചെയ്തു.
ഇതിനിടെ യെമനിൽ ആഭ്യന്തര കലാപം രൂക്ഷമായി. ഇതോടെ നിമിഷ പ്രിയയുടെ ഭർത്താവും കുഞ്ഞും നാട്ടിലേക്ക് മടങ്ങി. കലാപം രൂക്ഷമാവുകയും വൈകാതെ നിമിഷ പ്രിയ താമസിക്കുന്ന മേഖലയടക്കം യെമനീസ് വിമതർ പിടിച്ചെടുക്കുകയും ചെയ്തു. ഇതോടെ രാജ്യം വിടാനായി നിമിഷ പ്രിയ പാസ്പോർട്ട് തിരികെ കിട്ടാൻ ശ്രമിച്ചെങ്കിലും മഹ്ദി ഇതിനു അനുവദിച്ചില്ല. ഒടുവിൽ ഇയാളെ മയക്കി കിടത്തി പാസ്പോർട്ട് കൈക്കലാക്കാൻ നിമിഷപ്രിയ നടത്തിയ ശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചത്. അധികഡോസിൽ മയക്കുമരുന്ന് ശരീരത്തിൽ കേറിയതോടെ നഹ്ദി മരണപ്പെടുകയായിരുന്നു. ഇതോടെ അറസ്റ്റിലായ നിമിഷ ജയിലിലായി 2018-ൽ കോടതി ഇവർക്ക് വധശിക്ഷ വിധിച്ചു.
“അവളുടെ പാസ്പോർട്ട് തിരികെ ലഭിക്കാൻ, അവൾ സ്പോൺസറായ മഹ്ദിയെ മയക്കികിടത്താൻ ശ്രമിച്ചു, പക്ഷേ അമിതമായ അളവിൽ ലഹരിമരുന്ന് കുത്തിവച്ചതോടെ അയാൾ മരണപ്പെട്ടു. യെമനിൽ ആഭ്യന്തര സംഘർഷം രൂക്ഷമായ സമയത്തായിരുന്നു ഈ സംഭവം. നിമിഷ പ്രിയയ്ക്ക് ശരിയായ നിയമസഹായം ലഭിച്ചില്ല. അവൾ വിചാരണയ്ക്ക് വിധേയമായത് യെമനിലെ സന എന്ന നഗരത്തിലാണ്. ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണിത്. ഇവിടെ എന്തെങ്കിലും തരത്തിലുള്ള നയതന്ത്രഇടപെടൽ നടത്താനും തടസ്സങ്ങൾ നേരിടുന്നുണ്ട് – അഭിഭാഷകൻ പറയുന്നു.