ബിഗ് ബോസ് മലയാളം ആറാമത്തെ സീസണിൽ നിന്നും അസി റോക്കിയെ പുറത്താക്കി. സഹമത്സരാർത്ഥിയെ മർദ്ദിച്ചതിനാണ് റോക്കിയെ ബിഗ് ബോസ് പുറത്താക്കിയത് എന്നാണ് പുറത്തു വരുന്ന വിവരം. അസി റോക്കി ഹൗസ് മേറ്റായ സിജോയെ മർദ്ദിക്കുന്നതിൻ്റേയും തുടർന്ന് ബിഗ് ബോസ് ഇയാളെ കൺഫഷൻ റൂമിൽ വിളിച്ചു വരുത്തിയ ശേഷം ഷോയിൽ നിന്നും പുറത്താക്കുന്നതായി അറിയിക്കുന്നതിൻ്റേയും ഇയാളെ പുറത്തേക്ക് കൊണ്ടു പോകുന്നതിൻ്റേയും ദൃശ്യങ്ങൾ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ ഇതിനോടകം ലൈവ് സ്ട്രീം ചെയ്തിട്ടുണ്ട്.
ടാറ്റൂ ആർട്ടിസ്റ്റ്, ബിസിനസുകാരൻ, കിക്ക്ബോക്സിംഗ് ചാമ്പ്യൻ, മോഡൽ, ബൈക്ക് റൈഡർ എന്നീ വിശേഷണങ്ങളോടെയാണ് അസി റോക്കി ബിഗ് ബോസ് ഹൗസിൽ എത്തുന്നത്. എന്നാൽ മുൻകോപവും മോശം പരാമർശങ്ങളും കാരണം നേരത്തെ തന്നെ ഇയാൾക്കെതിരെ സഹമത്സരാർത്ഥികളിൽ നിന്നും പരാതി ലഭിച്ചിരുന്നു. കഴിഞ്ഞ എപ്പിസോഡിൽ മോഹൻലാൽ തന്നെ ഇക്കാര്യത്തിൽ ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ബിഗ് ബോസ് ഹൗസിൽ ഇയാളുടെ കൈയ്യാങ്കളിയുണ്ടായത്.
സഹമത്സരാർത്ഥികളെ ശാരീരികമായി ഉപദ്രവിച്ചതിന്റെ പേരിൽ നേരത്തെയും മലയാളം ബിഗ് ബോസിൽ നിന്നും മത്സരാർത്ഥികളെ പുറത്താക്കിയിട്ടുണ്ട്. രണ്ടാമത്തെ സീസണിൽ സഹമത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചതിന് രജത് കുമാറിനേയും നാലാമത്തെ സീസണിൽ റിയാസ് സലീമിൻ്റെ കഴുത്തിന് കുത്തിപിടിച്ചതിന് റോബിൻ രാധാകൃഷ്ണനേയും ബിഗ് ബോസ് സമാനമായ രീതിയിൽ പുറത്താക്കിയിട്ടുണ്ട്. മാർച്ച് പത്തിന് തുടങ്ങിയ മലയാളം ബിഗ്ബോസിൽ ഇതുവരെ വീക്കിലി എവിക്ഷനിലൂടെ രണ്ട് പേർ പുറത്തായിരുന്നു. രതീഷ് കുമാർ, സുരേഷ് എന്നിവരാണ് ഓഡിയൻസ് വോട്ടിംഗിലൂടെ പുറത്തായത്. ഇതോടെ വൈൽഡ് കാർഡ് എൻട്രിയിലൂടെ പുതിയ ആളുകൾ ബിഗ്ബോസിലെത്താനും സാധ്യതയേറി.