ദുബൈ: മഴക്കെടുതിയെ തുടർന്ന് ഒറ്റപ്പെട്ടു പോയ ജനങ്ങളെ സഹായിക്കാനും പ്രളയപുനരധിവാസം ഊർജ്ജിതമാക്കാനും പദ്ധതികളുമായി ദുബായ് ഭരണകൂടം. പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങൾക്ക് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് നേരിട്ട് മേൽനോട്ടം വഹിക്കും.
പ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച താമസ സ്ഥലങ്ങളും കെട്ടിടങ്ങളും സൗജന്യമായി അറ്റകുറ്റപ്പണി നടത്തി നൽകാൻ റിയൽ എസ്റ്റേറ്റ്, കെട്ടിടം ഉടമകൾക്ക് ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് നിർദേശം നൽകി. ദുബായ് എയർപോർട്ടിൻ്റെ പ്രവർത്തനം ഇന്നത്തോടെ പൂർണമായും സാധാരണ നിലയിലാവും എന്ന് അധികൃതർ അറിയിച്ചു.
താമസസ്ഥലത്ത് വെള്ളം കയറിയും ദുരിതത്തിലായവർക്ക് താത്കാലികമായി ഭരണകൂടം താമസസ്ഥലം കണ്ടെത്തി നൽകും. വെള്ളക്കെട്ടിൽ ദുരിതത്തിലായവർക്ക് സൗജന്യ ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യും. വെള്ളക്കെട്ട് കാരണമുണ്ടാകുന്ന അണു, പ്രാണി നിയന്ത്രണത്തിന് പ്രത്യേക പരിശോധന നടത്തും. വെള്ളക്കെട്ട് കാരണം ആളൊഴിഞ്ഞ വീടുകൾക്കും കെട്ടിടങ്ങൾക്കും സുരക്ഷ ഉറപ്പാക്കും.
നാശനഷ്ടങ്ങൾ സംബന്ധിച്ച വിശദമായ കണക്കെടുപ്പ് ഉടനെ പൂർത്തിയാക്കും. കെട്ടിടഉടമകൾക്കും താമസക്കാർക്കും ഇതുവഴി ഇൻഷുറൻസ് നടപടികൾ കാലതാമസമില്ലാതെ പൂർത്തിയാക്കാം. വെള്ളം കയറിയ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധനയും ഉണ്ടാവും. ഇന്നലെ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹ്ഹമ്മദിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിന് പിന്നാലെ പ്രളയാനന്തര പുനരുദ്ധാരണത്തിനും പുനരുജ്ജീവനത്തിനുമായി സമഗ്ര നടപടികൾ പ്രഖ്യാപിച്ചിരുന്നു.