അൽ ഐനിലെ കായിക പ്രേമികൾക്ക് ആവേശം നിറഞ്ഞ മറ്റൊരു മത്സര കാഴ്ചയായി പഞ്ചഗുസ്തി മത്സരമൊരുങ്ങുന്നു. ഐൻ അൽ ഐൻ അമിറ്റി ക്ലബ്, “അൽ ഐൻ പഞ്ച 2023 “എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജൂലൈ 16 നാണ് ഇന്റർ യു ഏ ഇ. പഞ്ച ഗുസ്തി മത്സരം സംഘടിപ്പിക്കുന്നത്.
മത്സരത്തിന് മുന്നോടിയായി അൽ ഐൻ കുവൈത്താത്തിൽ നടന്ന പോസ്റ്റർ പ്രകാശന ചടങ്ങ് ഡോ. സുധാകരൻ, ഡോ. ഷാഹുൽ ഹമീദ്, മധു ഓമനക്കുട്ടൻ അൽ ഐൻ ലുലു റീജിയണൽ മാനേജർ ഉണ്ണികൃഷ്ണൻ, കുവൈത്താത് ലുലു ജനറൽ മാനേജർ ഫിറോസ് ബാബു തുടങ്ങിയവർ ചേർന്ന് നിർവ്വഹിച്ചു. ഐൻ അമിറ്റി ക്ലബ് ജനറൽ സെക്രട്ടറി ലിജേഷ് ചിന്നപ്പൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് വിഷ്ണു ആനന്ദ് അധ്യക്ഷത വഹിച്ചു.
സ്വദേശീയരും നിലവിൽ പ്രവാസികളായിട്ടുള്ളവരും ഉൾപ്പടെ വിവിധ രാജ്യങ്ങളിലെ പഞ്ച ഗുസ്തി താരങ്ങൾ മാറ്റുരയ്ക്കുന്ന ഈ മത്സരം 2023 ജൂലൈ 16 ന് മൂന്ന് മണി മുതൽ അൽ ഐൻ കുവൈത്താത്ത് അങ്കണത്തിൽ നടക്കും. രാജ്യ ഭാഷ വ്യത്യാസമില്ലാതെ അരങ്ങേറുന്ന വാശിയേറിയ മത്സരത്തിൽ 75 കിലോയ്ക്ക് താഴെയും 75 കിലോയ്ക്കും 85 കിലോയ്ക്കുമിടയിലും 85 കിലോയ്ക്ക് മുകളിലുമായ് മൂന്ന് വിവിധ തൂക്കങ്ങളിലായാണ് മത്സരം നടക്കുക.