മുംബൈ: ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈൻ കമ്പനിയായ ആകാശ എയർലൈൻസ് അന്താരാഷ്ട്ര സർവ്വീസുകൾ ആരംഭിക്കുന്നു. മാർച്ച് 28ന് മുംബൈയിൽ നിന്നുള്ള ദോഹ സർവ്വീസോടെ അന്താരാഷ്ട്ര സർവീസുകൾക്ക് തുടക്കമാവുമെന്ന് ആകാശ എയർ വെള്ളിയാഴ്ച അറിയിച്ചു. മുംബൈയ്ക്കും ദോഹയ്ക്കും ഇടയിൽ ആഴ്ചയിൽ 4 നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകളാവും തുടക്കത്തിലുണ്ടാവുക.
ഈ ദശാബ്ദത്തോടെ ലോകത്തിലെ ഏറ്റവും മികച്ച 30 എയർലൈനുകളിൽ ഒന്നായി മാറാനുള്ള യാത്രയിലാണ് ആകാശ എയർലൈൻസ്. ഖത്തർ സർവ്വീസ് ഞങ്ങളുടെ വളർച്ചയിലെ അടുത്ത ഘട്ടത്തിന് കൂടിയാണ് തുടക്കമിടുന്നത്. മാർച്ച് 28 മുതൽ ഇന്ത്യ – ഖത്തർ എയർ കണക്ടിവിറ്റി ശക്തമാക്കി കൊണ്ട് മുംബൈ – ദോഹ സർവ്വീസ് ആരംഭിക്കും. ആഴ്ചയിൽ നാല് നോൺസ്റ്റോപ്പ് സർവ്വീസുകളാണ് തുടക്കത്തിലുണ്ടാവുക – ആകാശ എയർ സ്ഥാപകനും സിഇഒയുമായ വിനയ് ദുബെ പറഞ്ഞു.
2022 ആഗസ്റ്റിലാണ് ആകാശ എയർലൈൻസ് സർവ്വീസ് ആരംഭിച്ചത്. നിലവിൽ 23 ബോയിംഗ് 737 മാക്സ് വിമാനങ്ങളാണ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളത്. ഇന്ത്യയിലെ 19 നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് നിലവിൽ ആകാശ സർവ്വീസ് നടത്തുന്നുണ്ട്. മിഡിൽ ഈസ്റ്റിലെ മുൻനിര ടൂറിസം കേന്ദ്രമായി മാറുക എന്ന ലക്ഷ്യത്തോടെ ഖത്തർ ടൂറിസം സ്ട്രാറ്റജി 2030 എന്ന പേരിൽ പ്രചരണ പരിപാടി നടത്തി വരികയാണ്.
മിഡിൽ ഈസ്റ്റിലെ അതിവേഗം വളരുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി മാറുക എന്ന ലക്ഷ്യത്തോടെ ഖത്തർ ടൂറിസം നടപ്പാക്കുന്ന സ്ട്രാറ്റജി 2030 പദ്ധതിക്ക് അനുസൃതമായാണ് ഖത്തറിലേക്കുള്ള സർവ്വീസ് ആരംഭിക്കുന്നതെന്നും ആകാശ എയർ സിഇഒ വ്യക്തമാക്കി. അതേസമയം ബജറ്റ് കാരിയറായ ആകാശ വൈകാതെ തന്നെ മിഡിൽ ഈസ്റ്റിൽ നിന്നും കേരളത്തിലേക്കുള്ള സർവ്വീസുകൾ ആരംഭിക്കുമെന്നാണ് സൂചന. ആ
പ്രഖ്യാപനത്തിനുള്ള കാത്തിരിപ്പിലാണ് ജിസിസിയിലെ പ്രവാസികൾ.