വാഷിംഗ്ടൺ: മോസ്കോയിലെ ആളുകൾ ഒത്തുചേരുന്ന പരിപാടികളിൽ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് റഷ്യയ്ക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായി അമേരിക്ക. മോസ്കോയിൽ ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരാക്രമണത്തിന് കോപ്പുകൂട്ടുന്നുണ്ടെന്നും നഗരത്തിൽ വലിയ ആൾക്കൂട്ടമുള്ള സ്ഥലത്ത് ആക്രമണം നടത്താനാണ് പദ്ധതിയെന്നും മാർച്ച് ആദ്യവാരമാണ് അമേരിക്ക റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകിയത്. മോസ്കോ ആക്രമണത്തിന് പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് ഭീകരാക്രമണത്തെക്കുറിച്ച് സൂചന ലഭിച്ചിരുന്നുവെന്നും ഇക്കാര്യം റഷ്യയെ അറിയിച്ചിരുന്നുവെന്നും അമേരിക്ക വ്യക്തമാക്കിയത്. യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് അഡ്രിയൻ വാട്സൺ ആണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
“ഈ മാസം ആദ്യം മോസ്കോയിൽ ഭീകരാക്രമണത്തിന് ലക്ഷ്യമിടുന്നതായി ചില വിവരങ്ങൾ ലഭിച്ചിരുന്നു. വലിയ ഹാളുകൾ, സംഗീതപരിപാടികൾ ഇങ്ങനെയുള്ള വേദികളായിരുന്നു ഭീകരരുടെ ലക്ഷ്യം. ഈ വിവരം റഷ്യൻ അധികാരികളുമായി ഞങ്ങൾ പങ്കിടുകയും ചെയ്തിരുന്നു”
ഒന്നിലധികം ഇരകളെ തട്ടിക്കൊണ്ടുപോകാനോ കൊല്ലാനോ ഉള്ള പ്രത്യേക ഭീഷണികളെക്കുറിച്ച് ഇൻ്റലിജൻസ് വിവരം ലഭിക്കുമ്പോൾ അമേരിക്ക അതു ബന്ധപ്പെട്ട രാജ്യങ്ങളെയോ സൈനികസഖ്യങ്ങളെയോ അറിയിക്കാറുണ്ട്. ഇന്നലെയാണ് മോസ്കോയിലെ ഒരു സംഗീതപരിപാടി നടക്കുന്ന വേദിയിലേക്ക് ആയുധധാരികളായി എത്തിയ നാലംഗ സംഘം ആക്രമണം നടത്തിയത്. ആക്രമണത്തിൽ അറുപതിലധികം പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു ഇവരിൽ പലരുടേയും നില ഗുരുതരമാണ്. അക്രമികളിൽ ഒരാൾ ഇതിനോടകം പൊലീസ് പിടിയിലായിട്ടുണ്ട്. അവശേഷിച്ചവർക്കായി തെരച്ചിൽ തുടരുകയാണ്.
ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇതിനോടകം ഇസ്ലാമിക് സ്റ്റേറ്റ്സ് ഏറ്റെടുത്തിട്ടുണ്ട്. ഇക്കാര്യം അമേരിക്കൻ രഹസ്യേന്വേഷണ ഏജൻസികളും സ്ഥിരീകരിക്കുന്നതായി വാർത്താ ഏജൻസിയായ എ.പിയും അറിയിക്കുന്നു.
റഷ്യയിലെ ക്രൊക്കസ് സിറ്റി ഹാളിൽ പ്രമുഖ ബാൻഡായ പിക്നിക്കിന്റെ സംഗീത നിശ തുടങ്ങാനിരിക്കെയായിരുന്നു വെടിവയ്പ്പുണ്ടായത്. വെടിവയ്പ്പിന് പിന്നാലെ ഹാളിനകത്ത് സ്ഫോടനങ്ങളുണ്ടായി. പിന്നാലെ കെട്ടിടത്തിന് തീപിടിച്ചു. ഇതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി. ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ച് തീയണച്ചാണ് ആളുകളെ പുറത്തേക്ക് എടുത്തത് തുടരുകയാണ്. സൈനികരുടെ വേഷത്തിലെത്തിയവരാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷി മൊഴികൾ. റഷ്യൻ പ്രസിഡൻ്റായി വ്ളാദിമിർ പുതിൻ തെരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങൾക്കുള്ളിലാണ് ഭീകരാക്രമണം.