ഗാസ: മധ്യ ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടു. മരണപ്പെട്ടവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്നാണ് വിവരം. അതേസമയം ഇസ്രയേലും ഹമാസുമായുള്ള പോരാട്ടം ഞായറാഴ്ച വടക്കൻ പലസ്തീനിൽ ഉടനീളം വ്യാപിച്ചു.
അതേസമയം യുദ്ധം അനന്തമായി നീളുമ്പോൾ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തൻ്റെ യുദ്ധ കാബിനറ്റിലെ മറ്റ് അംഗങ്ങളിൽ നിന്ന് വിമർശനം നേരിടുകയാണെന്നാണ് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുദ്ധാനന്തര ഗാസയുടെ ഭരണം എങ്ങനെ വേണമെന്ന കാര്യത്തിൽ ഇസ്രയേൽ നേതൃത്വത്തിൽ വലിയ അഭിപ്രായ ഭിന്നതയാണുള്ളതെന്നാണ് വിവരം.
അമേരിക്കയും യൂറോപ്യൻ അറേബ്യൻ രാജ്യങ്ങളും സംയുക്തമായി നിയന്ത്രിക്കുന്ന ഭരണകൂടമാണ് യുദ്ധാനന്തരം ഗാസയിൽ വരേണ്ടതെന്നാണ് ഇസ്രയേൽ യുദ്ധക്യാബിനറ്റിലുള്ള മന്ത്രി ബെന്നി ഗാൻ്റ്സിൻ്റെ നിലപാട്. അതിനുള്ള രാഷ്ട്രീയ പദ്ധതി ജൂൺ 8-നകം സൃഷ്ടിച്ചില്ലെങ്കിൽ സർക്കാർ വിടുമെന്നാണ് അദ്ദേഹത്തിൻ്റെ ഭീഷണി.
യുദ്ധത്തിന് പിന്നാലെ രൂപീകരിച്ച സംയുക്ത കക്ഷി സർക്കാരാണ് ഇസ്രയേൽ ഇപ്പോൾ ഭരിക്കുന്നത്. ബെന്നി ഗാൻ്റ്സും പാർട്ടിയും സർക്കാരിന് പിന്തുണ പിൻവലിച്ചാലും നെതന്യാഹുവിന് ഭരണം തുടരാൻ സാധിക്കുമെങ്കിലും നേരത്തെ മുതൽ നെതന്യാഹുവിൻ്റെ രാഷ്ട്രീയ എതിരാളിയായി വിശേഷിപ്പിക്കപ്പെടുന്ന ബെന്നി ഗാൻ്റസിന് കൂടുതൽ ജനപിന്തുണ നേടാൻ ഇതിലൂടെ സാധിച്ചേക്കും. യുദ്ധം അനന്തമായി നീളുന്നതിൽ വലിയ വികാരം ഇസ്രയേൽ ജനതയ്ക്ക് ഇടയിൽ തന്നെ രൂപപ്പെട്ടുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. രാജ്യത്തിൻ്റെ പലഭാഗത്തും നെതന്യാഹുവിനെതിരെ കഴിഞ്ഞ കുറേ ആഴ്ചകളായി പ്രതിഷേധ റാലികളും മറ്റും അരങ്ങേറുന്നുണ്ട്.
അതേസമയം ബെന്നി ഗാൻ്റ്സ് പുറത്തുപോയാൽ ഗാസയിലെ മുഴുവൻ സൈനിക അധിനിവേശത്തെയും അവിടെ ജൂത വാസസ്ഥലങ്ങൾ പുനർനിർമ്മിക്കുന്നതിനെയും പിന്തുണയ്ക്കുന്ന തീവ്ര വലതുപക്ഷ സഖ്യകക്ഷികളെ കൂടുതൽ ആശ്രയിക്കാൻ നെതന്യാഹുവിനെ പ്രേരിപ്പിക്കും.
അതേസമയം നെതന്യാഹു പലസ്തീൻ രാഷ്ട്രം എന്ന ആശയത്തെ തന്നെ എതിർക്കുകയാണ്. ഇസ്രായേൽ ഗാസയിൽ തുറന്ന സുരക്ഷാ നിയന്ത്രണം നിലനിർത്തുമെന്നും ഹമാസുമായോ പാശ്ചാത്യ പിന്തുണയുള്ള ഫലസ്തീൻ അതോറിറ്റിയുമായോ ബന്ധമില്ലാത്ത പ്രാദേശിക ഫലസ്തീനികളുടെ നേതൃത്വത്തിൽ ഭരണകൂടം കൊണ്ടുവരുമെന്നുമാണ് നെതന്യാഹു പറയുന്നത്.