ടെഹ്റാൻ: ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സിയും മറ്റ് ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്റ്റർ മോശം കാലാവസ്ഥയിൽ കിഴക്കൻ ഇറാനിലെ വനമേഖലയിൽ പർവ്വതത്തിൽ തകർന്നു വീണു. അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒൻപത് പേരും കൊല്ലപ്പെട്ടെന്നാണ് വിവരം.
വിദേശകാര്യ മന്ത്രി ഹുസൈൻ അമിർ, ഈസ്റ്റേൺ അസർബൈജാൻ ഗവർണർ മലേക് റഹ്മതി, തബ്റിസ് ഇമാം മുഹമ്മദ് അലി അലെഹസം, പൈലറ്റ്, സഹപൈലറ്റ്, ക്രൂ ചീഫ്, സുരക്ഷാ മേധാവി, ബോഡി ഗാർഡ് എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവരെല്ലാം മരിച്ചെന്നാണ് ഇറാൻ മാധ്യമങ്ങൾ ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്
ഇറാനിയൻ രാഷ്ട്രീയത്തിലെ യാഥാസ്ഥിതിക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന റെയ്സി മൂന്ന് വർഷമായി രാജ്യത്തിൻ്റെ പ്രസിഡൻ്റാണ്. മുൻഇറാൻ ചീഫ് ജസ്റ്റിസായിരുന്നു. ഇറാൻ്റെ പരമോന്നത നേതാവായിരുന്ന 85-കാരൻ അയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടത്. 63 വയസ്സുള്ള റെയ്സി അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനിനിരിക്കെയാണ് വിട വാങ്ങുന്നത്.
അപകടത്തിൽ പൂർണമായും തകർന്ന വിമാനത്തിന് സമീപത്ത് നിന്നുമാണ് മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ചിതറി കിടക്കുന്ന നിലയിൽ കണ്ടെത്തിയതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പല മൃതദേഹങ്ങളും പൂർണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്നും തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നുമാണ് വിവരം. തകർന്ന ഹെലികോപ്റ്ററിന് അരികിൽ രക്ഷാപ്രവർത്തകരെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നാണ് വിവരം. തകർന്ന ഹെലികോപ്ടറിൻറെ സമീപത്തുനിന്നുള്ള ചിത്രങ്ങളും പുറത്തുവന്നു.
അപകടത്തിൽ ജീവനോടെ ആരും രക്ഷപ്പെട്ടതിൻറെ സൂചനകളൊന്നും സ്ഥലത്ത് നിന്നും ലഭിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീടാണ് എല്ലാവരും മരിച്ചതായി ഇറാൻ മാധ്യമങ്ങൾ അറിയിച്ചത്. ഇറാൻ റെഡ് ക്രെസൻ്റും ഇക്കാര്യം സ്ഥിരീകരിച്ചു. ഇക്കാര്യത്തിൽ ഇറാൻറെ ഭാഗത്തുനിന്നും ഔദ്യോഗികമായ സ്ഥിരീകരണം വൈകാതെ ഉണ്ടാകും
പ്രസിഡൻറ് കൊല്ലപ്പെട്ടതോടെ ഇറാൻ ഭരണഘടന പ്രകാരം ഒന്നാം വൈസ് പ്രസിഡൻറ് മുഹമ്മദ് മുക്ബാർ ഇറാൻറെ താൽക്കാലിക പ്രസിഡൻറായി ചുമതലയേൽക്കും. പ്രത്യേക കൗൺസിലായിരിക്കും ഭരണചുമതലകൾ നിർവഹിക്കുക. അടുത്ത 50 ദിവസത്തിനുള്ളിൽ പുതിയ പ്രസിഡൻറിനായുള്ള തെരഞ്ഞെടുപ്പ് നടക്കും. രക്ഷാദൗത്യത്തിന് റഷ്യയുടെയും തുർക്കിയുടെയും സഹായം ഇറാന് ലഭിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിനായി പ്രത്യേക പരിശീലനം ലഭിച്ച സംഘത്തെ അയച്ചതായി റഷ്യയും വ്യക്തമാക്കിയിരുന്നു.
ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് 600 കിലോ മീറ്റർ അകലെ അസർബെജാനോട് അടുത്ത് സ്ഥിതി ചെയ്യുന്ന ജോൽഫ മേഖലയിലാണ് അപകടം സംഭവിച്ചത്. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ തിരിച്ചിറക്കുമ്പോൾ ആണ് അപകടം സംഭവിച്ചതെന്ന് ഇറാൻ വാർത്താ ഏജൻസി വിശദീകരിക്കുന്നു.