തൃശ്ശൂർ: നവീകരിച്ച ഗുരുവായൂർ ക്ഷേത്രനടപ്പുരയുടെ നിർമ്മാണം അവസാനഘട്ടത്തിലേക്ക്. രണ്ട് നിലകളിലുള്ള ഗോപുരത്തിൻ്റെ താഴികക്കുടങ്ങളുടെ സമർപ്പണം നാളെ നടക്കും. മൂന്ന് താഴികക്കുടങ്ങളാണ് ക്ഷേത്രഗോപുരത്തിന് പ്രൌഢി ചാർത്തി സ്ഥാപിക്കുന്നത്. പ്രവാസി വ്യവസായിയും വെൽത്ത് ഐ ഗ്രൂപ്പ് മേധാവിയുമായ അങ്ങാടിപ്പുറം സ്വദേശി വിഘ്നേശ് വിജയകുമാറാണ് ക്ഷേത്രത്തിലേക്ക് വഴിപാടായി നടപ്പുര നവീകരിച്ചു നൽകുന്നത്.
കേരളീയ വാസ്തുശൈലിയുടെ അലങ്കാരഭംഗിയോടെയാണ് പുതിയ ക്ഷേത്രപ്രവേശന കവാടം നിർമ്മിച്ചിരിക്കുന്നത്. കൊത്തുപണികളുടെയും ദാരുശില്പങ്ങളുടെയും അലങ്കാരങ്ങളോടെയാണ് ഗോപുരകവാടം ഭക്തരെ വരവേൽക്കുക. ഗോപുരത്തിൻ്റെ ഒന്നാം നിലയിൽ സെറാമിക് ഓടുകൾ വിരിക്കുന്ന ജോലി ഇതിനോടകം പൂർത്തിയായി കഴിഞ്ഞു.
തട്ടുകൾക്ക് താഴെ ആഞ്ഞിലിമരത്തിൽ അഷ്ടദിക് പാലകർ, ബ്രഹ്മാവ്, വ്യാളീരൂപങ്ങൾ എന്നിവ നിർമിച്ചിട്ടുണ്ട്. രണ്ടാം
നിലയുടെ മൂലയിൽ ഗജമുഷ്ടിയോടെയുള്ള വ്യാളീരൂപങ്ങളുണ്ട്. കവാടത്തിന്റെ നാലു തൂണുകളിൽ ചതുർ
ബാഹുരൂപത്തിലുള്ള ശ്രീഗുരുവായൂരപ്പൻ, വെണ്ണക്കണ്ണൻ, ദ്വാരപാലകർ എന്നിവരേയും കാണാം.
മാസങ്ങളെടുത്തുള്ള അതീവസങ്കീർണമായ കൊത്തുപണികളിലൂടെയാണ് ഈ രൂപങ്ങളെല്ലാം കൊത്തിയെടുത്തത്. ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ ശിൽപിയായ എളവള്ളി നാരായണൻ ആചാരിയുടെ മകൻ എളവള്ളി നന്ദനും സംഘവുമാണ് പ്രവേശന കവാടം ഒരുക്കിയത്.
ഗോപുരത്തിനു മുകളിലായി സ്ഥാപിക്കുന്ന മൂന്ന് താഴിക കുടങ്ങൾ ചെമ്പിലാണ് വാർത്തത്. നാല് തട്ടുകളുള്ള ഇതിന് അഞ്ചരയടി ഉയരമുണ്ട്. ഇത്രയും വലിയ താഴികക്കുടങ്ങൾ ഗോപുരങ്ങളിൽ സ്ഥാപിക്കുന്നതും അപൂർവ്വമാണ്. മാന്നാർ പി.കെ. രാജപ്പൻ ആചാരിയും സംഘവുമാണ് താഴികകക്കുടങ്ങൾ നിർമ്മിച്ചത്. മൂന്ന് താഴിക്കകുടങ്ങൾ നിറയ്ക്കാൻ 45 കിലോ ഞവരനെല്ല് വേണമെന്നാണ് കണക്ക്.
പ്രവേശന കവാടത്തിന് തുടർച്ചയായി നിർമ്മിച്ച പുതിയ നടപ്പന്തലും ശില്പഭംഗിയുള്ളതാണ്. ഇരുപത് തൂണുകളാണ് നടപ്പന്തലിനുള്ളത്. ഓരോ തൂണിലും സിമൻ്റിൽ ചെയ്ത് ദശാവതാരങ്ങളും കൃഷ്ണശിൽപങ്ങളും ഉണ്ടാകും.
ഗജരാജൻ ഗുരുവായൂർ പദ്മനാഭന്റെ ശില്പനിർമാണത്തിൽ പങ്കാളികളായ സൗപർണികാ രാജേഷ്, പാന്തറ വിനീത് കണ്ണൻ എന്നിവരാണ് ശില്പ നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ചത്. വാസ്തു ആചാര്യൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിൻ്റെ മാർഗ്ഗനിർദേശമനുസരിച്ചാണ് നടപ്പുരയുടെ നവീകരണത്തിനുള്ള രൂപരേഖ തയ്യാറാക്കിയത്. 2023 ഏപ്രിൽ 15-നാണ് നവീകരണ പ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ടത്.