തീയേറ്ററുകളിൽ തകർത്തോടിയ റൊമാൻ്റിക് കോമഡി ചിത്രം പ്രേമലുവിന് രണ്ടാം ഭാഗം വരുന്നു. കൊച്ചിയിൽ വച്ചു നടന്ന പ്രേമലു സക്സസ് സെലിബ്രേഷനിടെയാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. ഭാവന സ്റ്റുഡിയോസാണ് ചിത്രത്തിൻ്റെ നിർമ്മാതക്കൾ. ഫഹദ് ഫാസിൽ, സംവിധായകൻ ദിലീഷ് പോത്തൻ, തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ഭാവന സ്റ്റുഡിയോസ്.
സംവിധായകൻ ഗിരീഷ് എഡിയാണ് ഭാവന സ്റ്റുഡിയോസിൻ്റെ ഏഴാമത്തെ ചിത്രമായി പ്രേമലു 2 തീയേറ്ററുകളിലെത്തും എന്ന് പ്രഖ്യാപിച്ചത്. ചിത്രത്തിൻ്റെ ആനിമേറ്റഡ് ടീസറും പരിപാടിയിൽ പ്രദർശിപ്പിച്ചു. ഈ വർഷം ചിത്രീകരണം പൂർത്തിയാക്കി 2025-ലാവും പ്രേമലു തീയേറ്ററുകളിലെത്തുക എന്നാണ് ഭാവന സ്റ്റുഡിയോസ് സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കിയത്. കഴിഞ്ഞ ഫെബ്രുവരി ഒൻപതിന് പ്രേമലു തീയേറ്ററിലെത്തിയത്.
നസ്ലൻ, സംഗീത് പ്രതാപ്, മമിതാ ബൈജു, അഖില ഭാർഗവൻ, ശ്യാം, മാത്യു തോമസ്, ശ്യാം പുഷ്കരൻ എന്നിവരാണ് പ്രേമലുവിലെ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ജേസിയും ഗിരീഷും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. വിഷ്ണു വിജയും സുഹൈൽ കോയയും ചേർന്നാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്.