ബോക്സ് ഓഫീസിൽ മലയാള സിനിമയുടെ തേരോട്ടം തുടരുന്നു. മഞ്ഞുമ്മൽ ബോയ്സിനും പ്രേമലുവിനും ആടുജീവിതത്തിനും പിന്നാലെ വിഷു റിലീസായി എത്തിയ കോമഡി ചിത്രം ആവേശവും നൂറ് കോടി ക്ലബിൽ. ഏപ്രിൽ പതിനൊന്നിന് തീയേറ്ററുകളിലെത്തിയ ചിത്രം പന്ത്രണ്ടാം ദിവസമാണ് ഗോബ്ലൽ ലെവൽ നൂറ് കോടി കളക്ഷൻ എന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്.
ഡിസംബറിൽ നേര് സിനിമയുടെ വിജയത്തോടെ തുടങ്ങിയതാണ് മലയാള സിനിമകളുടെ പടയോട്ടം. നേരിന് പിന്നാലെ ജനുവരി ആദ്യം റിലീസായ് ഓസ്ലറും മികച്ച വിജയം നേടി. ഫെബ്രുവരി ഒൻപതിന് റിലീസായ പ്രേമലു മലയാളത്തിലെ സർപ്രൈസ് ഇൻഡസ്ട്രി ഹിറ്റായി മാറി. പിന്നാലെ എത്തിയ ഭ്രമയുഗം 85 കോടിയാണ് തീയേറ്ററുകളിൽ നിന്നും കളക്ട് ചെയ്തത്. ഫെബ്രുവരി 22-ന് റിലീസായ മഞ്ഞുമ്മൽ ബോയ്സ് 236 കോടി കളക്ഷനാണ് ആഗോളതലത്തിൽ ഇതുവരെ നേടിയത്. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമ എന്ന റെക്കോർഡും ഈ സിനിമയ്ക്ക് സ്വന്തമാണ്.
മാർച്ച് 28-ന് റിലീസായ പൃഥ്വിരാജ് – ബ്ലെസ്സി ചിത്രം ആടുജീവിതം ഇതിനോടകം 150 കോടി കളക്ട് ചെയ്ത് തീയേറ്ററിൽ പ്രദർശനം തുടരുകയാണ്. ഇതിനു പിന്നാലെയാണ് വിഷു റിലീസായി ആവേശം, വർഷങ്ങൾക്ക് ശേഷം, ജയ് ഗണേഷ് എന്നീ ചിത്രങ്ങൾ റിലീസായത്. ഇതിൽ മൂന്ന് ചിത്രങ്ങൾക്കും മികച്ച പ്രേക്ഷക പ്രതികരണം കിട്ടിയെങ്കിലും പോസിറ്റീവ് റിപ്പോർട്ടുകളുടെ ബലത്തിൽ ആവേശം അതിവേഗം നൂറ് കോടി ക്ലബിലെത്തുകയായിരുന്നു. വർഷങ്ങൾക്ക് ശേഷം ഇതിനോടകം 66 കോടി കളക്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇറങ്ങിയ അഞ്ചരക്കള്ളക്കൊക്കൻ, അന്വേഷിപ്പിൻ കണ്ടെത്തും, ആട്ടം, ജയ് ഗണേഷ്, എന്നീ ചിത്രങ്ങളും നിരൂപക പ്രശംസ നേടിയിരുന്നു.