കൊച്ചി ഏലൂര്‍ മുരുകന് ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളുടെ ഭാഗമായി നടന് സലിം കുമാര്‍ നടത്തിയ പ്രസംഗം വൈറലാവുന്നു. ഗായകനും നടനുമായ സമദും സംഘവും നടത്തിയ സംഗീത പരിപാടിക്കിടെയായിരുന്നു സലിംകുമാറിന്റെ പ്രസംഗം. ‘ഞങ്ങളുടെ അമ്പലം’എന്ന സമദിന്റെ വാക്കുകളാണ് പരിപാടിക്കെത്താന്‍ പ്രേരിപ്പിച്ചതെന്ന് വീഡിയോയിൽ സലിം കുമാര്‍ പറഞ്ഞു. നടനും ഗായകനും സംവിധായകനുമായ യ നാദിര്‍ഷയുടെ സഹോദരനാണ് സമദ്.
നിസാംസുപ്പി എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്ത് വന്നത്. “ചേട്ടാ, ഞങ്ങളുടെ അമ്പലത്തില്‍ ഉത്സവമാണ്. അന്ന് പരിപാടിയുണ്ട്. വരാന്‍ പറ്റുമോ? എന്നാണ് സമദ് എന്നോട് ചോദിച്ചത്. അവൻ പറഞ്ഞ ആ ‘ഞങ്ങളുടെ അമ്പലം’ എനിക്ക് വളരെ ഇഷ്ടമായി. അതാണ് ഇവിടെ വരാനുണ്ടായ കാരണം. സമദ് എന്റെ അറിവില്‍ ഒരു മുസല്‍മാനാണ്. ആ മുസല്മാന് ‘ഞങ്ങളുടെ അമ്പലം’ എന്ന് പറഞ്ഞത് കേട്ടപ്പോൾ മനസ്സിൽ ഒരു കുളിര്‍മയുണ്ടായി”- ഇങ്ങനെയായിരുന്നു സലീംകുമാറിന്റെ വാക്കുകള്‍.
അതേസമയം സലിം കുമാറിന്റെ വാക്കുകൾക്ക് നിരവധി പേരാണ് l പിന്തുണയുമായെത്തിയത്. കലാകാരനെന്ത് മതം, മനുഷ്യനെന്ത് മതം, ഞങ്ങളുടെ മതം സ്നേഹമാണ്, സാഹോദര്യമാണ്. ഏലൂര്‍ മുരുകന് അമ്പലത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് സമദ് സുലൈമാന്‍ ബാന്‍ഡ് അണിയിച്ചൊരുക്കിയ മ്യൂസിക് ഷോയിലാണ് ഇന്നിന്റെ കാലത്തിന് ഏറെ പ്രസക്തമായ വാക്കുകള്‍ സലീംകുമാര്‍ സംസാരിച്ചതെന്ന് നടന് നിര്‍മല്‍ പാലാഴി ഫെയ്സ്ബുക്കിൽ കുറിച്ചു. വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ഇത് കേരളമാണെന്നും ഇവിടെ ഇങ്ങനെയാണെന്നുമായിരുന്നു മറ്റൊരാളുടെ കമന്റ്. കേരളത്തില്‍ ജീവിക്കുന്നത് ഒരനുഗ്രഹമാണെന്നും എല്ലാവരേയും സ്നേഹിക്കണമെന്നും തുടങ്ങി നിരവധി പ്രതികരണങ്ങൾ പിന്നാലെയെത്തി. സലിം കുമാറിന്റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ തങ്ങളുടെ മനസിലും ഒരു കുളിര്‍മ ഉണ്ടെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.